കൊല്ലം : ഛർദിയെ തുടർന്ന് പോലീസുകാരൻ ആശുപത്രിയിൽ പോകും വഴി കുഴഞ്ഞുവീണുമരിച്ച സംഭവത്തിൽ കൂടെ മദ്യപിച്ച സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. മലപ്പുറം റിസർവ് ബറ്റാലിയനിലെ പോലീസുകാരൻ കടയ്ക്കൽ ഇട്ടിവ ചിരിപ്പറന്പ് വീട്ടിൽ അഖിലാണ് (കണ്ണൻ 35) ആണ് മരിച്ചത്.
ഇയാളോടൊപ്പം മദ്യപിച്ച സുഹൃത്തുക്കളിൽ ഒരാളായ കടയ്ക്കൽ സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. വ്യാജമദ്യം ഉള്ളിൽ ചെന്നതാകാം മരണകാരണമെന്ന് സംശയിക്കുന്നു.
കഴിഞ്ഞദിവസം ജോലിസ്ഥലത്തുനിന്ന് നാട്ടിലെത്തിയ അഖിലിന് ഛർദിൽ കലശലായതോടെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മറ്റ് മൂന്നുസുഹൃത്തുക്കളോടൊപ്പം കഴിച്ചത് വിഷമദ്യമാണെന്നാണ് സംശയം.
അഖിലിനും മറ്റൊരു സുഹൃത്തായ ഗിരിഷിനുമൊഴികെ മറ്റാർക്കും പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഗിരീഷും തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിഷ്ണുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്ത് എത്തിയ പോലീസ് ഇവര്‍ കഴിച്ച മദ്യത്തിന്റെ ബാക്കി സീല്‍ ചെയ്ത് എടുക്കുകയും പരിശോധനക്കായി അയക്കുകയുമായിരുന്നു.വൈകുന്നേരത്തോടെ വിഷ്ണുവിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
പരിശോധനക്കായി അയച്ച മദ്യത്തിന്റെ സാമ്പിള്‍ സ്പിരിറ്റ് ആണെന്ന് കണ്ടെത്തിയതോടെയാണ് വിഷ്ണുവിനെ പോലീസ് ചോദ്യം ചെയ്യുന്നത്. താനാണ് സ്പിരിറ്റ് എത്തിച്ചതെന്നും ആശുപത്രി ആവശ്യങ്ങള്‍ക്കുള്ള സ്പിരിറ്റ് ആണിതെന്നും വിഷ്ണു പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഇയാളെ കൂടുതല്‍ ചോദ്യം ചെയുകയാണ് എന്നും സ്പിരിറ്റ് എവിടെ നിന്നും ലഭിച്ചു എന്നതടക്കം കണ്ടെത്തണം എന്നും പോലീസ് അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായ് റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.