ഹരുണി സുരേഷ്
വൈപ്പിൻ: ഇടിവെട്ടേറ്റവനെ പാന്പു കടിച്ചുവെന്ന് പറയുന്ന അവസ്ഥയിലാണ് ഇപ്പോൾ വൈപ്പിൻ- പറവൂർ മേഖലയിലെ സ്വകാര്യ ബസ് ഉടമകളുടെ അവസ്ഥ. അനുദിനം തകർന്നു കൊണ്ടിരുന്ന വ്യവസായം കരകയറാനാകാതെ വിഷമിക്കുന്നതിനിടയിലാണ് നിനച്ചിരിക്കാതെ എത്തിയ കോവിഡും തുടർന്നുള്ള ലോക്ക് ഡൗണും വൈപ്പിനിലെ സ്വകാര്യ ബസ് സർവീസ് പ്രസ്ഥാനത്തിന്റെ അടിത്തറ ഇളക്കിയത്.
കോവിഡ് വ്യാപകമായതോടെ മാർച്ച് ആദ്യവാരത്തിൽ തന്നെ ഇവിടെ ബസുകളിൽ യാത്രക്കാർ കുറവായിരുന്നു. രണ്ടാം വാരമായപ്പോൾ മാളുകളും സിനിമാ ശാലകളും അടച്ചു പൂട്ടിയതോടെ ഉള്ള യാത്രക്കാരും ഇല്ലാതായി. കളക്ഷൻ നേർപകുതിയായി കുറഞ്ഞു. ഇതോടെ വൈപ്പിനിൽ ബസുകൾ സർവീസ് ഭാഗികമായി നിർത്തി. ഇതിനിടയിലാണ് മാർച്ച് 24 ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും രാജ്യം മൊത്തം നിശ്ചലമായതും.
ഇപ്പോൾ നിയന്ത്രണങ്ങളിൽ ഭാഗികമായി ഇളവ് നൽകി ബസ് ഗതാഗതത്തിന് അനുമതിയ നൽകിയെങ്കിലും സീറ്റിംഗ് കപ്പാസിറ്റിക്ക് മാത്രം യാത്രക്കാരെ കയറ്റാൻ പാടുള്ളു എന്ന നിബന്ധനമൂലം ഡീസൽ കാശും തൊഴിലാളികൾക്കുള്ള കൂലിയും കിട്ടുന്നില്ലെന്നാണ് ബസുടമകൾ പറയുന്നത്.
എന്നാൽ ആദ്യം ബസ് ചാർജ് വർധിപ്പിച്ചുകൊണ്ട് സർവീസ് നടത്തിയപോലെ ആയിരുന്നെങ്കിൽ കഷ്ടിച്ച് കൈനഷ്ടമില്ലാതെ മുന്നോട്ട് പോകാമായിരുന്നു. പക്ഷേ സർക്കാർ ഇതിനിടയിൽ ബസ് ചാർജ് കുറച്ച് പഴയപടിപോലെ ആക്കിയതാണ് ഇരുട്ടടിയായത്. ഈ അവസ്ഥയിൽ ഇപ്പോൾ വൈപ്പിൻ- പറവൂർ മേഖലയിൽ 40 ശതമാനത്തോളം ബസുകളെ സർവീസ് നടത്തുന്നുള്ളു.
ജൂണ്‍ 30 വരെ ഇവർ ഇങ്ങിനെ സർവീസ് നടത്തുമെന്നാണ് സൂചന. അതിനുശേഷം ജി – ഫോം നൽകി ബസുകൾ ഷെഡിൽ കയറ്റിയിടാനാണ് ഇപ്പോഴത്തെ ആലോചന. ലോക്ക് ഡൗണ്‍ കാലത്തെ ആശ്വാസത്തിനായി സർക്കാർ ഒരു ത്രൈമാസത്തെ ടാക്സ് ഇളവ് പ്രഖ്യാപിച്ചെങ്കിലും ഇതൊന്നും സ്വകാര്യ ബസ് സർവീസിന്റെ ഭാവി ശോഭനമാക്കാൻ ഉതകുന്നതല്ലെന്നാണ് ബസുടമകളുടെയും തൊഴിലാളികളുടെയും അഭിപ്രായം. ‘
നിയന്ത്രണങ്ങൾക്ക് ഇളവ് നൽകി പൊതുഗതാഗതത്തിനു സർക്കാർ അനുമതി നൽകിയിട്ടും ഇപ്പോഴും ആവശ്യത്തിനു യാത്രക്കാരില്ല. സിനിമാ ശാലകൾ, പൊതുപരിപാടികൾ, വിവാഹം, സ്കൂളുകളുടെയും പ്രവർത്തനം എന്നിവക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നാൽ അൽപ്പം ഭേതപ്പെടുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഭീതിതരായ ജനം ആദ്യഘട്ടത്തിൽ പൊതുഗതാഗതം എത്രത്തോളം ഉപയോഗപ്പെടുത്തുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നുവെന്നും ബസുടമകൾ പറയുന്നു.
126 ഓളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന ഈ മേഖലയിൽ ബസ് മുതലാളിമാർ എന്ന് പറയാനായി കേവലം വിരലിൽ എണ്ണാവുന്നരെ ഉള്ളു. ബാക്കി ബാങ്ക് വായ്പയെടുത്തും കെട്ടുതാലി പണയപ്പെടുത്തിയും ബസ് വാങ്ങി സർവീസ് നടത്തുന്ന തൊഴിലാളികളാണ്. ഇവരെപ്പോലെ തന്നെ ഈ മേഖലയിലെ മുതലാളിമാർക്കും വൻ ബാങ്ക് വായ്പകളുണ്ട്.
അടിക്കടിയുള്ള ഇന്ധന വില വർധനവും ടാക്സ് – ഇൻഷ്വറൻസ് വർധനയും സ്പെയർപാടർട്സുകളുടെ വിലക്കയറ്റവും യാത്രക്കാരുടെ എണ്ണത്തിലെ കുറവ്, അനിയന്ത്രിതമായ പെർമിറ്റ് നൽകൽ, സ്വകാര്യ റൂട്ടുകളിലെ കെഎസ്ആർടിസി ബസുകളുടെ അമിത സാന്നിധ്യം എന്നിവ മൂലവും വ്യവസായം ഇവിടെ തറപറ്റിയ അവസ്ഥയിലാണ്.
സീറ്റുകളുടെ എണ്ണം അനുസരിച്ച് ബസുകൾ മൂന്ന് മാസം കൂടുന്പോൾ 22000 രൂപ മുതൽ 33000 രൂപവരെയാണ് ജീവനക്കാരുടെ ക്ഷേമനിധി വിഹിതവും കൂട്ടി നികുതിയടക്കേണ്ടത്. അങ്ങിനെ നോക്കുന്പോൾ സർവീസ് നിർത്തിവയ്ക്കുകയാണ് അഭികാമ്യമെന്നു ബസുടമകൾ പറയുന്നു.
ബസ് വ്യവസായം നിലനിൽക്കണമെങ്കിൽ സർക്കാർ കനിയണം
വൈപ്പിൻ: കോവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ തകർന്നടിഞ്ഞ സംസ്ഥാനത്തെ സ്വകാര്യ ബസ് വ്യവസായം നിലനിർത്താൻ സർക്കാർ കനിയണമെന്ന് വൈപ്പിൻ- പറവൂർ മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. ലെനിൻ.
ഒരു ത്രൈമാസത്തെ റോഡ് ടാക്സ് ഒഴിവാക്കിയതുകൊണ്ടും വായ്പകളിൽ മൊറോട്ടോറിയം പ്രഖ്യാപിച്ചതുകൊണ്ടും സ്വകാര്യ ബസുകൾക്ക് നിലനിൽക്കാനാവില്ല. മറിച്ച് സംസ്ഥാന സർക്കാർ ഡീസലിൽ ഈടാക്കുന്ന നികുതി ബസുകൾക്ക് ഒരു വർഷത്തേക്ക് ഒഴിവാക്കിത്തരാൻ മുഖ്യമന്ത്രിക്ക് കനിവുണ്ടാകണം.
അതേപോലെ ഒരു വർഷത്തെ റോഡ് ടാക്സും ഒഴിവാക്കണം. ബസ് ചാർജ് മിനിമം 10 രൂപയാക്കണം. വായ്പ തിരിച്ചടവിൽ മൊറോട്ടോറിയം മാത്രം പോരെ അത്രയും മാസത്തെ പലിശ ഇളവ് ചെയ്ത് തരുകയാണ് വേണ്ടത്.
അല്ലാത്തപക്ഷം വായ്പയെടുത്തവർക്ക് വൻ ബാധ്യതയാകും. മറ്റ് വ്യവസായം പോലെയല്ല സ്വാകാര്യ ബസ് സർവീസ്. മത്സ്യബന്ധന ബോട്ടുകളാണെങ്കിൽ കടലിലേക്ക് പോയാൽ മതി മത്സ്യം ലഭിക്കും. എന്നാൽ യാത്രചെയ്യാൻ ജനം മടിച്ചാൽ ബസിൽ കയറാൻ ആളുണ്ടാവില്ല.
ലോക് ഡൗണ്‍ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചപ്പോൾ മറ്റു വ്യവസായങ്ങളും സംരഭങ്ങളും ഉടനെ തുറന്ന് പ്രവർത്തിച്ചെങ്കിലും സ്വകാര്യ ബസുകളുടെ കാര്യത്തിൽ ഇത്തരത്തിലുള്ള ധൃതി കാണാതിരുന്നത് യാത്രക്കാരുണ്ടാകില്ലെന്ന് ആശങ്കകൊണ്ടാണ്.
വൈപ്പിൻ- പറവൂർ മേഖയിലെ 550 ഓളം തൊഴിലാളികളും നൂറോളം ബസുടമകളും കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണ്. സർവീസ് നിലച്ചതോടെ പലരും മറ്റു പല മേഖലയിൽ തൊഴിലെടുത്താണ് ഇപ്പോൾ കുടുംബം പോറ്റുന്നത്.
ഭൂരിഭാഗം തൊഴിലാളികളും ക്ഷേമനിധി വിഹിതം അടയ്ക്കാത്തവരായതിനാൽ സർക്കാർ പ്രഖ്യാപിച്ച 5000 രൂപ ലഭിച്ചതാകട്ടെ കേവലം വിരലിലെണ്ണാവുന്നവർക്ക് മാത്രമാണ്.