കോട്ടയം: ദന്പതികളെന്ന വ്യാജേന കോട്ടയത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുകയും ക്വാറന്റൈൻ ലംഘിക്കുകയും ചെയ്ത യുവാവിനും യുവതിക്കുമെതിരേ കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്തു.
ഇടുക്കി സ്വദേശിയായ യുവാവിനെതിരെയും പത്തനംതിട്ട സ്വദേശിനിയായ യുവതിക്കെതിരെയുമാണ് കേസെടുത്തത്.
ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഭർത്താവിനെ കാണാൻ യഥാർഥ ഭാര്യ എത്തിയതോടെയാണ് ഇവരുടെ കള്ളി വെളിച്ചത്തായത്.
ഏതാനും ദിവസങ്ങൾക്കു മുന്പാണ് വിദേശത്തു നിന്നുമെത്തിയ ഇവർ കോട്ടയത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്.
ദന്പതികൾ എന്ന വ്യാജേന ക്വാറന്റൈനിൽ കഴിയുന്നതിനിടയിൽ ഇവർ കറങ്ങാനിറങ്ങുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു.
പോലീസ് സ്ഥലത്തെത്തിയ ഇവരോട് വിവരങ്ങൾ ചോദിച്ചറിയുകയും ഇവരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു.
ഇതിനിടയിൽ യുവാവിന്റെ ഭാര്യ വിവരങ്ങൾ അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് ക്വാറന്റൈനിൽ കഴിഞ്ഞിരുന്നതു വ്യാജ ദന്പതിമാരാണെന്ന കാര്യം പോലീസിനു ബോധ്യപ്പെട്ടത്.
തുടർന്നു യഥാർഥ ഭാര്യ തിരികെ മടങ്ങുകയും വ്യാജ ദന്പതികളെ രണ്ടു ക്വറന്റൈൻ കേന്ദ്രങ്ങളിലാക്കുകയും ചെയ്തു.