പെരുമ്പാവൂര്‍(കൊച്ചി): ബാങ്കിന്റെ ചില്ലുവാതില്‍ തകര്‍ന്നു ശരീരത്തില്‍ തുളച്ചുകയറി വീട്ടമ്മ ദാരുണമായി മരിച്ച സംഭവത്തില്‍ ശാസ്ത്രീയ അന്വേഷണത്തിനൊരുങ്ങി പോലീസ്.
ഇന്നലെ തകര്‍ന്ന തരത്തിലുള്ള ഗ്ലാസ് വാതിലാണോ ബാങ്കുകളില്‍ സ്ഥാപിക്കേണ്ടതെന്ന് പരിശോധിക്കുമെന്നും ഇവ ഉപയോഗിക്കാന്‍ നിയമമില്ലെങ്കില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും പെരുമ്പാവൂര്‍ പോലീസ് വ്യക്തമാക്കി. ഇത്തരം പരിശോധനകള്‍ക്കുശേഷമാകും ബാങ്ക് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുക.
നിലവാരം കുറഞ്ഞ ഗ്ലാസാണ് ഉപയോഗിച്ചതെന്ന ആക്ഷേപം ഉയരുന്നതിനിടെയാണു ശാസ്ത്രീയ പരിശോധനകള്‍ക്ക് പോലീസ് ഒരുങ്ങുന്നത്. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം ഇന്ന് ബാങ്കിലെത്തി പരിശോധന നടത്തിയേക്കും.
അസ്വാഭാവിക മരണത്തിനാണു പെരുന്പാവൂര്‍ പോലീസ് കേസെടുത്തിട്ടുള്ളത്. നിയമലംഘനം കണ്ടെത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നേക്കുമെന്നാണു സൂചനകള്‍.
ദിനംപ്രതി നൂറുകണക്കിനുപേര്‍ എത്തുന്ന ബാങ്കിലെ വാതിലിന് തട്ടിയാല്‍ പൊട്ടുന്ന തരത്തിലുള്ള ഗ്ലാസ് ഉപയോഗിച്ചത് നിരുത്തരവാദപരമാണെന്ന ആക്ഷേപമാണ് വിവിധ കോണുകളില്‍നിന്ന് ഉയരുന്നത്.
വാതിലിന് ഉപയോഗിച്ച ചില്ല് കട്ടി കൂടിയതും പൊട്ടിയാല്‍ ദേഹത്തു തട്ടി മുറിവേല്ക്കാത്തതുമായ ടഫന്‍ഡ് ഗ്ലാസ് ആയിരുന്നെങ്കില്‍ ഉടഞ്ഞപ്പോള്‍ നുറുങ്ങുകളായി ചിതറിയേനെ.
ബാങ്കിന്റെ വാതില്‍ ചില്ല് ഈ വിധത്തിലുള്ളതായിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു. ഗ്ലാസ് പൊട്ടി അപകടമുണ്ടായ സംഭവത്തില്‍ ബാങ്കിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ബാങ്ക് ഓഫ് ബറോഡയുടെ പെരുമ്പാവൂര്‍ എഎം റോഡിലുള്ള ബ്രാഞ്ചില്‍ ഇന്നലെ ഉച്ചയ്ക്കു 12.30നായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
പെരുമ്പാവൂര്‍ മങ്കുഴി തേലക്കാട്ട് വടക്കേവീട്ടില്‍ ജിജുവിന്റെ (നോബി) ഭാര്യ ബീന (46) യാണു മരിച്ചത്. ബാങ്കില്‍നിന്നു തിടുക്കത്തില്‍ പുറത്തേക്കിറങ്ങുന്നതിനിടെ വാതിലില്‍ ഇടിക്കുകയും ചില്ല് തകര്‍ന്നു വയറ്റില്‍ തുളച്ചുകയറുകയുമായിരുന്നു. ഇരുചക്രവാഹനത്തിന്റെ താക്കോലെടുക്കാനാണ് ബീന പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചത്.
അകത്തുകയറി ബാങ്കിടപാടിനുള്ള ചെലാന്‍ ഫോം പൂരിപ്പിക്കുന്നതിനിടെ വണ്ടിയുടെ താക്കോല്‍ എടുത്തില്ലെന്നു പറഞ്ഞു തിടുക്കത്തില്‍ പുറത്തേക്കിറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. ചില്ല് വയറ്റിലേക്കു തുളച്ചുകയറി.
തറയില്‍ രക്തം ചീറിത്തെറിച്ചതോടെയാണു ബീനയ്ക്കു മുറിവേറ്റെന്നു ബാങ്കിലുണ്ടായിരുന്നവര്‍ മനസിലാക്കിയത്. ഉടന്‍തന്നെ ജീവനക്കാര്‍ താലൂക്ക് ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആഴത്തിലേറ്റ മുറിവ് ആന്തരികാവയവങ്ങളെയും ബാധിച്ചതാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
കളമശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനയ്ക്കുശേഷമേ പോസ്റ്റ്മോര്‍ട്ടം നടത്തൂവെന്ന് പോലീസ് അറിയിച്ചു. ഇതിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. ഭര്‍ത്താവ് ജിജുവിനൊപ്പം കൂവപ്പടിയില്‍ ഇലക്ട്രിക്കല്‍ സ്ഥാപനം നടത്തിവരികയായിരുന്നു ബീന. മക്കള്‍: അഖില, ജിസ്മോന്, ജെയ്മോന് (മൂവരും വിദ്യാര്‍ഥികള്‍).