സ്വന്തം ലേഖകൻ
കണ്ണൂർ: കോവിഡ് ബാധിച്ച യുവാവ് കണ്ണൂർ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളിലടക്കം സന്ദർശനം നടത്തിയതിനെ തുടർന്ന് കണ്ണൂർ നഗരം ജാഗ്രതയിൽ. കോവിഡ് സ്ഥിരീകരിച്ച തില്ലങ്കേരി സ്വദേശിയായ 24 കാരനാണ് കണ്ണൂർ നഗരത്തിലെ കടകളിൽ സന്ദർശനം നടത്തിയത്.
കണ്ണൂർ ഹാജി റോഡിലുള്ള ഏഴ് കടകളിലാണ് ഇയാൾ കഴിഞ്ഞ 30 തിന് സന്ദർശനം നടത്തിയത്. ഇതോടെ ഇവിടെയുള്ള കടകളിലെ വ്യാപാരികളടക്കമുള്ള 30 ജീവനക്കാരോട് ക്വാറന്റൈനിൽ പോകുവാൻ നിർദേശിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്ക് കോവിഡ് സ്ഥിരികരിച്ചതിനെ തുടർന്ന് നാല്പത് ജീവനക്കാരോട് ക്വാറന്റൈനിൽ പോകുവാൻ നിർദേശിച്ചിരുന്നു.
ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി കണ്ണൂർ നഗരത്തിൽ എത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. സാമൂഹ്യ അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും നിരവധി പേരാണ് നഗരത്തിലൂടെ കറങ്ങി നടക്കുന്നത്.
കടകളിൽ ശരീരോഷ്മാവ് അളക്കുന്നതിനുള്ള തെർമൽ സ്കാനർ ഉപയോഗിക്കണമെന്ന നിയമം ഉണ്ടെങ്കിലും ഇതു പാലിക്കപ്പെടുന്നില്ല. കൂടാതെ സാനിറ്റൈസർ, ഹാൻഡ് വാഷ് തുടങ്ങിയ സാധനങ്ങളും മിക്ക കടകളിലും കാണാനില്ല. ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ നിന്ന് പുറത്തിറങ്ങി കറങ്ങി നടക്കുന്നവരും ഉണ്ട്.
ഹോട്ടലുകൾക്ക് പ്രവർത്തനത്തിന് സമയപരിധിയുണ്ടെങ്കിലും രാത്രി 12 വരെ നഗരത്തിലെ ചില ഹോട്ടലുകൾ തുറന്ന് പ്രവർത്തിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. പയ്യാന്പലം ബീച്ച് അടക്കമുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്നവരും ഉണ്ട്.
ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരേ കർശന നടപടിയെടുക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്. വരുംദിവസങ്ങളിൽ കൂടുതൽ പരിശോധന കർശനമാക്കും.