ചോറ്റാനിക്കര: വൈദ്യുതി ബില്ലിന്റെ അപാകതയ്ക്കെതിരേ ബിജെപി സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത വൈദ്യുതി ബോർഡുകൾക്കുമുന്പിലെ ധർണ ചോറ്റാനിക്കരയിൽ ഇരുവിഭാഗങ്ങളും തമ്മിലുള്ള ചേരിതിരിവിനേത്തുടർന്ന് നടന്നില്ല.
ധർണ നടത്താൻ വൈദ്യുതി ഓഫീസിനു മുന്നിലെത്തിയ പ്രവർത്തകർ നേതൃത്വത്തിന്റെ പേരിൽ തർക്കിക്കുകയായിരുന്നു. പ്രശ്നം കയ്യാങ്കളിയിലേക്കു നീണ്ടതോടെ പോലീസ് സ്ഥലത്തെത്തി. ഇരുവിഭാഗത്തോടും സ്ഥലത്തുനിന്നും ഒഴിഞ്ഞു പോകാൻ പോലീസ് നിർദേശിക്കുകയായിരുന്നു.
സിപിഐയിൽനിന്നും രാജിവച്ച് ബിജെപിയിലെത്തിയ മനോജിനാണ് ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വം ഏൽപ്പിച്ചിരുന്നത്. പുതുതായി പാർട്ടിയിലേക്കു വന്നവർക്ക് വലിയ സ്ഥാനം നൽകിയത് നിലവിലുള്ള പാർട്ടി പ്രവർത്തകർക്ക് ഇഷ്ടപ്പെട്ടില്ല.
അതേസമയം ധർണയിൽ ആളെ കുറച്ചത് സാമൂഹ്യ അകലം പാലിക്കാനെന്ന് ബിജെപി ചോറ്റാനിക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മനോജ് പറഞ്ഞു.
സംസ്ഥാന കമ്മിറ്റി മെന്പർ എം.എസ്. ശ്രീകുമാറും ഏതാനും വനിതാ നേതാക്കളും ഉൾപ്പെടെ എട്ടുപേരുമായി ധർണ നടത്താൻ വൈദ്യുതി ഓഫീസിന് മുന്നിലേയ്ക്ക് ചെന്നപ്പോൾ ഒരു വിഭാഗം പരിപാടി നടത്താൻ പറ്റില്ലെന്നുപറഞ്ഞ് തടയുകയായിരുന്നുവെന്ന് മനോജ് പറഞ്ഞു.
പരാതിയുണ്ടെങ്കിൽ മേൽക്കമ്മിറ്റിക്ക് നല്കുകയാണ് വേണ്ടതെന്ന് തന്നോടൊപ്പം ഉണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗം മറുപടി പറഞ്ഞു. അതേസമയം ധർണ തടഞ്ഞിട്ടില്ലെന്നും നിലവിലുള്ള മുതിർന്ന നേതാക്കൾ എന്ന നിലയിൽ തങ്ങളെ പരിപാടി അറിയിച്ചിട്ടില്ല എന്നുപറഞ്ഞിട്ടേയുള്ളൂവെന്ന് എതിർവിഭാഗം പറയുന്നു. ത
ർക്കമുണ്ടായപ്പോൾ മണ്ഡലം പ്രസിഡന്റിന്റെ നിർദേശപ്രകാരം ധർണ നടത്താതെ പിരിയുകയായിരുന്നുവെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു.