എടക്കര: പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ 53 കുടുംബങ്ങളുടെ പുനരധിവാസം ഉടൻ യാഥാർഥ്യമാകും. ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷം രൂപയും വീട് നിർമിക്കുന്നതിന് നാല് ലക്ഷം രൂപയുമാണ് അനുവദിക്കുന്നത്.
ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം ഒന്നിച്ച് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാരിനോട് ശുപാർശ ചെയ്യാൻ ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ.കെ.ടിജലീലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
പത്ത് ലക്ഷം രൂപ അനുവദിച്ചാൽ ഭൂമി സ്വയം കണ്ടെത്താൻ സന്നദ്ധരാണെന്ന് കവളപ്പാറ കോളനിയിലെ ഉൗര് മൂപ്പൻ ചാത്തൻ യോഗത്തിൽ അറിയിച്ചു.
നിയമസഭയിൽ നിന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണനും വിഡിയോ കോണ്‍ഫറൻസിങ് വഴി യോഗത്തിൽ പങ്കെടുത്തു. പി.വി. അബ്ദുൽ വഹാബ് എം.പി, പി.വി. അൻവർ എംഎൽ.എ, ജില്ലാകലക്ടർ കെ.ഗോപാലകൃഷ്ണൻ, നിലന്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പിസുഗതൻ, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോണ്‍, സബ് കലക്ടർ കെ.എസ്.അഞ്ജു, ഡെപ്യൂട്ടി കളക്ടർ ജെ.ഒ.അരുണ്‍ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.