കൊണ്ടോട്ടി: കോവിഡ് 19 ലോക്ക്ഡൗണിനെ തുടർന്ന് ഇംഗ്ലണ്ടിലെ സൗതാംപ്ട്ടണ് തീരത്തിറങ്ങാൻ കഴിയാതെ അമേരിക്കൻ കന്പനിയുടെ ആഡംബര കപ്പലിൽ കുടുങ്ങിയ 47 മലയാളികൾ ഉൾപ്പെടയുള്ള 550 ഇന്ത്യൻ തൊഴിലാളികൾ മുംബൈയിലെത്തി.
ഏറെ പ്രതിസന്ധികളും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുടെ ഇടപെടൽ മൂലം ലണ്ടനിലെ ഹീത്രോ വിമാനത്താവളം വഴി സംഘങ്ങൾക്ക് ഇന്നലെ രാവിലെ മുംബൈയിലെത്തിയത്.
അമേരിക്കയിലെ ഫ്ളോറിഡ ആസ്ഥാനമായുള്ള അപ്പോളോ ഗ്രൂപ്പ് ഷിപ്പിംഗ് കന്പനിയുടെ മാരല്ല ലൈൻ ക്രൂയിസ് ആഡംബര കപ്പലിലെ തൊഴിലാളികളാണ് ലോക്ക് ഡൗണിൽ കുടുങ്ങിയ കപ്പലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാതെ കുടുങ്ങിയത്.
കന്പനി ചാർട്ടർ ചെയ്ത ടൂയി എയർവെയ്സിന്റെ രണ്ടു വിമാനങ്ങളിലാണ് ഇന്ത്യയിലേക്കുളളവരെ മുംബൈയിലേക്കും ഗോവയിലേക്കുമായി എത്തിച്ചത്. ഗോവയിലെത്തിയ വിമാനത്തിൽ 280 പേരും, മുബൈ വിമാനത്തിൽ 270 യാത്രക്കാരുമാണ് എത്തിയത്.
മുബൈയിലെ ക്വാറന്റെയിൻ കഴിഞ്ഞ് 23ന് മലയാളികൾ കൊച്ചിയിലെത്തും. 77 രാജ്യങ്ങളിലെ ജീവനക്കാരാണ് ഈ പഞ്ചനക്ഷത്ര കപ്പലിൽ ജോലിക്കാരായുണ്ടായിരുന്നത്.
എന്നാൽ ഇന്ത്യയടക്കം നാലു രാജ്യങ്ങളിലെ ജീവനക്കാർ മാത്രമാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ദുരിതത്തിലായതെന്ന് കപ്പൽ ജീവനക്കാരൻ കൊണ്ടോട്ടി മുതുവല്ലൂർ സ്വദേശി ലുബൈബ് പറഞ്ഞു.
ഇന്ത്യയിലേക്ക് വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതാണ് കപ്പലിൽ കുടുങ്ങാൻ കാരണം. യാത്രക്കുളള ചെലവ് കന്പനി തന്നെയാണ് വഹിച്ചത്. മലയാളികളടക്കം അറുനൂറ് ഇന്ത്യക്കാരായിയിരുന്നു കപ്പലിൽ കുടുങ്ങിയത്.
ഇതിൽ 50 പേരെ കപ്പലിൽ തന്നെ തുടർ ജോലിക്ക് നിർത്തി ബാക്കി 550 പേരെയാണ് കന്പനി നാട്ടിലേക്ക് പോരാൻ അനുമതി നൽകിയത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശൂർ, പാലക്കാട്, സ്വദേശികളാണ് മലയാളി തൊഴിലാളികൾ.
കപ്പലിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാൻ നാല് തവണ ഇവരുടെ കന്പനി വിമാനം ചാർട്ടർ ചെയ്തപ്പോഴും സാങ്കേതിക പ്രശ്നങ്ങളാൽ മുടങ്ങുകയായിരുന്നു.
എന്നാൽ ലണ്ടൻ എംന്പസിയിലെ നടപടി ക്രമങ്ങളിലെ പിഴവ് മൂലം മൂന്നു തവണ യാത്ര മുടങ്ങി. ഇതെ തുടർന്ന് ജീവനക്കാർ കപ്പലിൽ പ്രതിഷേധിച്ചിരുന്നു. കന്പനിയുടെ വിമാനത്തിന് ഇന്ത്യയിൽ ഇറങ്ങാനുള്ള അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്.