കോഴിക്കോട്: ലോക്ഡൗണിന്റെ മറവില്‍ വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലും വീടുകളിലും അതിക്രമിച്ചുകയറി സ്ത്രീകള്‍ക്കുനേരെ ലൈംഗികാതിക്രമം കാണിക്കുകയും മോഷണം നടത്തുകയും ചെയ്യുന്ന മോഷ്ടാവിനെതിരേ ഏഴ് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായി.
കണ്ണൂര്‍ പാറാട്ട് മുക്കത്ത് ഹൗസില്‍ മുഹമ്മദ് അജ്മലിനെതിരേയാണ് ടൗണ്‍ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തില്‍ കേസന്വേഷണം പൂര്‍ത്തിയാക്കിയത്.
ഏഴ് മോഷണ കേസുകളിലും ഈ മാസം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ടൗണ്‍ എസ്ഐ കെ.ടി.ബിജിത്ത് പറഞ്ഞു. സ്ത്രീകള്‍ക്കെതിരേ അതിക്രമം നടത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകളും അജ്മലിനെതിരേ ചുമത്തിയിട്ടുണ്ട്. രണ്ടു കേസ് കസബ പോലീസും ഒരു കേസ് നടക്കാവ് പോലീസും അന്വേഷിച്ചുവരികയാണ്.
ലോക്ക്ഡൗണ്‍ കാലത്ത് മെയ് രണ്ടിനാണ് പോലീസ് അജ്മലിനെ പിടികൂടിയത്. ഇയാള്‍ താമസിക്കുന്ന കോഴിക്കോട് ആനിഹാള്‍ റോഡിലെ അടച്ചിട്ട വീട്ടില്‍നിന്ന് വിലകൂടിയ 24 മൊബൈല്‍ ഫോണുകള്‍, സ്വര്‍ണവള, സ്വര്‍ണമാല തുടങ്ങിയവ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
സ്ത്രീകള്‍ക്കുനേരെ അതിക്രമം കാണിച്ചതുമായി ബന്ധപ്പെട്ട് കണ്ണൂരിലും കൊയിലാണ്ടി പോലീസ് സ്റ്റേഷനിലുമായി വധശ്രമം അടക്കം നിരവധി കേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ രണ്ടാഴ്ചയായി കോഴിക്കോട്ടെ വിവിധ വനിതാ ഹോസ്റ്റലുകളിലും, സ്വകാര്യ ആശുപത്രികളിലും, വീടുകളിലും പൂര്‍ണ നഗ്നനായി പുലര്‍ച്ചെ എത്തി അതിക്രമം കാണിക്കുകയും മോഷണം നടത്തുകയുമാണ് രീതി.
കോഴിക്കോട് എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍, മാവൂര്‍ റോഡിലെ നാഷനല്‍ ഹോസ്പിറ്റല്‍, പിവിഎസ് എന്നിവിടങ്ങളില്‍ അതിക്രമിച്ചുകയറി ഇയാള്‍ നേഴ്സുമാര്ക്കുനേരെ അശ്ലലമായി പെരുമാറിയിരുന്നു.
കൊയിലാണ്ടിയില്‍ വീട്ടമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ വധശ്രമത്തിന് കേസെടുത്ത് ഇയാളെ ജയിലിലാക്കിയിരുന്നു. കോവിഡ് 19 മുന്നൊരുക്കത്തിന്റെ ഭാഗമായി മാര്‍ച്ച് 24ന് കണ്ണൂരില്‍നിന്ന് ജയില്‍മോചിതനായി.
പിറ്റേന്ന് കോഴിക്കോട്ടെത്തിയ ഇയാള്‍ ആനിഹാള്‍ റോഡിലെ അടച്ചിട്ട പഴയ വീടിന്റെ പിന്‍വാതില്‍ കുത്തിതുറന്ന് ഉള്ളില്‍ താമസിച്ചു വരികയായിരുന്നു.
അമ്മയുടെ നേര്‍ക്കും അതിക്രമം
സ്വന്തം അമ്മയുടെ നേര്‍ക്കും യുവാവ് അതിക്രമം കാണിച്ചിരുന്നു. ഇതേതുടര്‍ന്നാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്. പിന്നീട് വിവിധ സ്ഥലങ്ങളിലായി ചുറ്റിനടന്ന് സ്ത്രീകള്‍ക്ക് നേരെ അതിക്രമം തുടര്‍ന്നു. ഇതറിഞ്ഞ ബന്ധുക്കള്‍ യുവാവിനെ ദുബൈയിലേക്ക് അയച്ചു.
അവിടെയും യുവാവ് സ്ത്രീകളെ അതിക്രമിച്ചു. വന്‍ തുക കോടതിയില്‍ കെട്ടിവച്ചാണ് ജയില്‍ മോചിതനായത്. പിന്നീട് നാട്ടിലെത്തിയ ശേഷമാണ് കൊയിലാണ്ടിയില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഈ കേസില്‍ വധശ്രമത്തിന് കേസെടുത്ത് ജയിലിലാക്കി.
കോവിഡ് പ്രതിരോധ മുന്നറിയിപ്പിന്റെ ഭാഗമായി മാര്‍ച്ച് 24 ന് കണ്ണൂരില്‍ നിന്ന് ജയില്‍ മോചിതനായി. പിറ്റേന്ന് മുതല്‍ ഇയാള്‍ കോഴിക്കോടെത്തി ആനിഹാള്‍ റോഡിലെ അടച്ചിട്ട പഴയ വീടിന്റെ പിന്‍വാതില്‍ കുത്തിതുറന്ന് ഉള്ളില്‍ താമസിച്ചു വരികയായിരുന്നു.