ചാലക്കുടി: കോവിഡ് ആശുപത്രി ആക്കിയതോടെ ചാലക്കുടി താലൂക്ക് ആശുപത്രി കാലിയായി. കിടക്കാൻ പോലും സ്ഥലമില്ലാതെ രോഗികൾ തിങ്ങി നിറഞ്ഞിരുന്ന ആശുപത്രി വാർഡുകൾ ശൂന്യമാണ്. ഒപിയിൽ എത്തുന്നത് വിരലിലെണ്ണാവുന്നവർ മാത്രം.
ആശുപത്രി കാന്റീനും അടച്ചു. കോവിഡ് രോഗികളിൽ ഒരാൾ ആശുപത്രി കാന്റീനിൽ വന്ന് ചായ കുടിച്ചതായി പറയുന്നു. വാർഡിൽ നിന്നും ടെസ്റ്റിനു പുറത്തു കടത്തിയപ്പോഴാണ് രോഗി ആരോഗ്യവിഭാഗം ജീവനക്കാരുടെ കണ്ണു വെട്ടിച്ച് കാന്റീനിലെത്തി ചായ കുടിച്ചതെന്നു പറയുന്നു. ഇതറഞ്ഞതോടെയാണ് കാന്റീൻ അടച്ചുപൂട്ടിയത്.
വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ പുറത്തിറങ്ങി സഞ്ചാരം നടത്തുന്നതു നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ആശുപത്രി പരിസരത്തുള്ള ഒരു ബാർബർ ഷോപ്പിൽ ക്വാറന്റൈനിൽ കഴിയുന്ന ഒരാൾ മുടിവെട്ടാനെത്തി.
സംശയം തോന്നിയ ബാർബർ ഷോപ്പ് ഉടമ മുടിവെട്ടാൻ വിസമ്മതിച്ചു. ബാർബർ ഷോപ്പ് അടച്ചിടുകയും ചെയ്തു. രാത്രി സമയത്ത് ക്വാറന്റൈനിൽ കഴിയുന്ന ചിലർ സവാരിക്കിറങ്ങുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്.