ന്യൂഡൽഹി: കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനീസ് ആക്രമണത്തിൽ പരിക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 20 സൈനികർ കൊല്ലപ്പെട്ടെന്ന് ഇന്നലെ എഎൻഐ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനു പിന്നാലെ സൈന്യം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സംഘർഷത്തിൽ നാല് സൈനികരാണ് വീരമൃത്യു വരിച്ചതെന്നായിരുന്നു കരസേന ആദ്യം പുറത്തുവിട്ട വിവരം. എന്നാൽ എഎൻഐയുടെ റിപ്പോർട്ട് വന്നതിനു പിന്നാലെ പരിക്കേറ്റ 17 സൈനികർ കൂടി വീരമൃത്യു വരിച്ചതായി സൈന്യം ചൊവ്വാഴ്ച വൈകിട്ട് പ്രസ്താവനയിറക്കി.
കൂടുതൽ സൈനികർക്ക് പരിക്കേറ്റിട്ടുണ്ടോയെന്ന വിവരം അപ്പോഴും സൈന്യം പുറത്തുപറഞ്ഞിരുന്നില്ല. ചൈനയുടെ അതിർത്തി പങ്കിടുന്ന ജില്ലകളിൽ സൈന്യം നിരീക്ഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
45 വർഷത്തിനിടെ ആദ്യമായാണ് ചൈനീസ് ആക്രമണത്തിൽ ഇന്ത്യൻ സൈനികർ കൊല്ലപ്പെടുന്നത്. കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ കേണൽ ബി. സന്തോഷ് കുമാർ അടക്കം 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ചൈനയുടെ 43 ഭടന്മാർ മരിച്ചതായി ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണു സംഘർഷം ഉണ്ടായത്. ഗൽവാൻ നദിക്കപ്പുറം ഗൽവാർ താഴ്വരയിലെ പട്രോൾ പോയിന്റ് 14-നടുത്തായിരുന്നു ഏറ്റുമുട്ടൽ.
ചൊ വ്വാഴ്ച രാത്രിയോടെ സംഘർഷമേഖലയിൽനിന്ന് ഇരുസേനയും പിന്മാറിയതായി പ്രതിരോധമന്ത്രാലയം ഡൽഹിയിൽ അറിയിച്ചു. അതിർത്തി കൈവശമാക്കാൻ ചൈനയുടെ സൈനികർ ശ്രമിച്ചതിനെത്തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. എന്നാൽ വെടിവയ്പ് ഉണ്ടായില്ല.
ഇരുമ്പുദണ്ഡുകളും മറ്റുമുപയോഗിച്ചായിരുന്നു ആക്രമണമെന്നു റിപ്പോർട്ടുണ്ട്. തോക്കിന്റെ പാത്തി കൊണ്ടുള്ള അടിയേറ്റാണ് കമാൻഡിംഗ് ഓഫീസറായ കേണൽ കൊല്ലപ്പെട്ടത്. ബിഹാർ റെജിമെന്റിന്റെ 16-ാം ബറ്റാലിയൻ കമാൻഡിംഗ് ഓഫീസറാണു കൊല്ലപ്പെട്ട കേണൽ. ഹവിൽദാർ പഴനി, ശിപായി ഓഝ എന്നിവരാണു വീര മൃത്യുവരിച്ച മറ്റു രണ്ടു പേർ.
അതിർത്തിതർക്കത്തിൽ സൈനികതല ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ചൈനയുടെ ഭാഗത്തുനിന്നു പെട്ടെന്നുള്ള പ്രകോപനം സംഭവിച്ചത്.
ചൈനയുമാ യുള്ള അതിർത്തിത്തർക്കം പരിഹരിക്കുന്നതിന് ബ്രിഗേഡിയർ, കേണൽ തലങ്ങളിൽ തിങ്കളാഴ്ചയും ചർച്ച നടന്നെങ്കിലും പിന്മാറ്റം സംബന്ധിച്ച് ധാരണയായി രുന്നില്ല.
യഥാർഥ നിയന്ത്രണരേഖയോടു ചേർന്നുള്ള ഗൽവാനിലെ പട്രോൾ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിംഗ്സിലെ പിപി 15,17, പാങ്ങോംഗ് തടാ കത്തോടു ചേർന്നുള്ള നാലാം മലനിര (ഫിംഗർ 4) എന്നിവിടങ്ങളിലാണ് സംഘർഷം നിലനിൽക്കുന്നത്.