തിരൂരങ്ങാടി: വീടിനുള്ളിൽ തൂങ്ങി മരിച്ച വിദ്യാർഥിനിയുടെ സംസ്കാരം ഇന്നു നടക്കും. തൃക്കുളം പന്താരങ്ങാടി ലക്ഷംവീട് കോളനിയിലെ കോട്ടുവലക്കാട്ട് ദാസന്റെ മകൾ അഞ്ജലി(15) യാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാലുമണിയോടെയായിരുന്നു സംഭവം. മൂത്ത സഹോദരിമാരോടൊപ്പം ടിവി കാണുകയായിരുന്ന അഞ്ജലി മുറിയിൽ നിന്ന് ഇറങ്ങിപ്പോയി അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.
ഓണ്‍ലൈൻ ക്ലാസുകൾ മനസിലാകാത്ത വിഷമം മാത്രമാണ് അഞ്ജലിക്കുണ്ടായിരുന്നതെന്നും വീട്ടുകാർ പറഞ്ഞു. എന്നാൽ, വീട്ടിൽ വഴക്കുണ്ടായതിന്റെ പിന്നാലെ കുട്ടി തൂങ്ങി മരിച്ചെന്നാണ് പോലീസിന് പ്രാഥമിക അന്വേഷണത്തിൽ കിട്ടിയിട്ടുള്ള വിവരം.
തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ് അഞ്ജലി. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് ടെസ്റ്റുകൾക്ക് ശേഷമാണ് സംസ്കാരം നടക്കുക.