ന്യൂഡൽഹി: തലസ്ഥാന നഗരത്തിലെ ഭരണസിരാകേന്ദ്രങ്ങളിൽ കോവിഡ് പടരുന്നു. ഡൽഹിയിൽ നൂറിലധികം കേന്ദ്രസർക്കാർ ജീവനക്കാർക്ക് രോഗബാധ കണ്ടെത്തിയതായാണ് റിപ്പോർട്ട്. ഇതേ തുടർന്ന് പല മന്ത്രാലയങ്ങളിലും ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യുകയാണ്. പലരും ക്വാറന്റൈനിലാണ്.
ആദായനികുതി വകുപ്പിലെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ഒരു കേന്ദ്രമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്കും രോഗബാധ സ്ഥിരീകരിച്ചു. വിവിധ വകുപ്പുകളിലെ മൂന്നു ജോയിന്റ് സെക്രട്ടറിമാർക്കും കോവിഡ് പിടിപെട്ടു.
പ്രധാനപ്പെട്ട പല മന്ത്രാലയങ്ങളും കോവിഡ് പിടിയിലാണ്. കൃഷി ഭവൻ, ശ്രാം ശക്തി ഭവൻ, ശാസ്ത്രി ഭവൻ, നിർമൻ ഭവൻ, റെയിൽ ഭവൻ, നോർത്ത്, സൗത്ത് ബ്ലോക്കുകൾ തുടങ്ങി പ്രധാന ഭരണകേന്ദ്രങ്ങളിലെല്ലാം കോവിഡ് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.
ഭവന-നഗരകാര്യ മന്ത്രാലയയത്തിൽ ആറു പേർക്ക് കോവിഡ് ബാധിക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തു.തൊഴിൽ മന്ത്രാലയത്തിലെ 41 ജീവനക്കാർക്ക് കോവിഡ് പോസിറ്റീവായി. ഇതോടെ മന്ത്രാലയത്തിലെ ഒട്ടുമിക്ക ജീവനക്കാരും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്.