സ്വന്തം ലേഖകന്‍
കോഴിക്കോട് : ലോക്ക്ഡൗണ്‍ കാലത്ത് അടഞ്ഞു കിടന്ന ഔട്ട്ലെറ്റില് നിന്ന് മദ്യം കടത്തിയ സംഭവത്തില്‍ മൂന്ന് ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തല്‍. ബെവ്കോ എംഡി ജി.സ്പര്‍ജന്‍ കുമാറിന് ഉത്തരമേഖലാ റീജണല്‍ മാനേജര്‍ വി.സതീശന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ജീവനക്കാരുടെ പങ്ക് വ്യക്തമാക്കിയത്.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൂന്നുപേരെയും സസ്പെൻഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് ഇന്ന് പുറത്തിറക്കുമെന്ന് എംഡി രാഷ്ട്രദീപികയോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അന്വേഷണറിപ്പോര്‍ട്ട് എംഡിയ്ക്ക് ലഭിച്ചത്.
3.64 ലക്ഷം രൂപയുടെ മദ്യം കടത്തിയെന്നാണ് ജീവനക്കാരനെതിരേയുള്ള പരാതി. അരയിടത്ത്പാലത്തിന് സമീപത്തുള്ള ബിവറേജസ് ഔട്ട്ലെറ്റില് നിന്നാണ് മദ്യം പുറത്തുകൊണ്ടുപോയി വിറ്റത്. ഈ വില്പന കേന്ദ്രം കഴിഞ്ഞ മാസമാണ് തണ്ണീര്‍പന്തലിലേക്ക് മാറ്റിയത്.
ഔട്ട്ലെറ്റ് മാറ്റത്തിന്റെ ചുമതലയുള്ള ജീവനക്കാരനെതിരേയാണ് ആരോപണമുയര്‍ന്നത്. ഔട്ട്ലെറ്റ് തണ്ണീര്‍പന്തലിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഇയാള്‍ ഇടക്കിടെ അരയിടത്ത്പാലത്തെ ഔട്ട്ലെറ്റില് എത്താറുണ്ടായിരുന്നു. ഈ സമയം മദ്യം എടുത്ത് കാറില്‍ കയറ്റി പുറത്തുകൊണ്ടുപോയി വില്പന നടത്തിയെന്നാണ് പരാതി.
മേയ് 28 നാണ് തണ്ണീര്‍പന്തലില്‍ ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് വിറ്റ മദ്യം കണക്കില്‍ ഉള്‍പ്പെടുത്താനായി ഇയാള്‍ കൃത്രിമ ബില്ലുകള്‍ തയാറാക്കി. അന്നെടുത്ത മദ്യം പുതിയ ഔട്ട്ലെറ്റില് നിന്ന് വിറ്റുവെന്ന രൂപത്തിലാണ് ബില്ലുകള്‍ തയാറാക്കിയത്.
എന്നാല്‍ നേരത്തെ അരയിടത്തുപാലത്തുണ്ടായിരുന്ന പല ബ്രാന്‍ഡുകളും പുതിയ ഔട്ട്ലെറ്റില് സ്റ്റോക്കുണ്ടായിരുന്നില്ല. സ്റ്റോക്കില്ലാത്ത മദ്യത്തിന് ബില്‍ അടിച്ചത് ശ്രദ്ധയില്‍പ്പെട്ട മറ്റു ജീവനക്കാരാണ് ബെവ്കോ എംഡിക്ക് പരാതി നല്‍കിയത്.
പരാതി ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം ആരംഭിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.