ന്യൂഡല്‍ഹി: ടിക്ക്ടോക്ക് ഉൾപ്പടെ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾ അപകടകാരികളാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിക്കുകയോ അല്ലെങ്കില്‍ ഉപയോഗിക്കരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുകയോ ചെയ്യണമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായ സൂം, ടിക്ക്ടോക്ക്, യുസി ബ്രൗസര്‍, എക്സെന്‍ഡര്‍, ഷെയറിറ്റ്, ക്ലീന്‍ മാസ്റ്റര്‍ തുടങ്ങി 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ അപകടകാരികളാണെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചത്.
ഈ ആപ്ലിക്കേഷനുകള്‍ സുരക്ഷിതമല്ലെന്നും ഇതിലെ വിവരങ്ങള്‍ ചോര്‍ത്തപ്പെടാന്‍ സാധ്യതയുണ്ടെന്നും ഏജന്‍സികള്‍ മുന്നറിയിപ്പു നല്കി.
രഹസ്യാന്വേഷണ ഏജന്‍സികളുടെ ശുപാര്‍ശയ്ക്ക് ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് അടുത്തിടെ പിന്തുണ നല്‍കിയിരുന്നുവെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.