സ്വന്തം ലേഖകൻ
കണ്ണൂര്‍: കോർപറേഷൻ അറിയാതെ കോർപറേഷൻ അടച്ചിടാൻ പോലീസും കളക്ടറും തീരുമാനിച്ചു. എന്നാൽ കോർപ്പറേഷൻ അറിഞ്ഞപ്പോൾ തിരുത്തി.
കണ്ണൂ കോർപറേഷൻ പരിധിയിൽ പതിനാലുകാരന് സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ കോർപറേഷൻ മുഴുവൻ അടച്ചിടുമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി. ഉത്തരവ് വന്നപ്പോൾ മുതൽ പോലീസ് മൈക്കും കെട്ടി അനൗൺസും ചെയ്തു. കണ്ണൂർ നഗരത്തിലെ കടകളും സ്ഥാപനങ്ങളും എല്ലാം അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.
കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ഡിവിഷനോ വാർഡോ കണ്ടെയ്ൻമെന്റ് സോണുകൾ ആക്കണമെങ്കിൽ തദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതിയും വേണം.
എന്നാൽ, ഇന്നലെ കളക്ടറും പോലീസും കോർപറേഷൻ മുഴുവൻ അടച്ചിടാൻ തീരുമാനിച്ച വിവരം കോർപറേഷൻ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. തുടർന്ന് കോർപറേഷൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ് ജില്ലാ കളക്ടർ ടി.വി. സുഭാഷുമായി ബന്ധപ്പെടുകയും അടച്ചിടൽ മൂന്നു വാർഡുകളാക്കി ചുരുക്കുകയുമായിരുന്നു.
വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ ഇന്ന് ഉച്ചയ്ക്ക് രണ്ടുവരെ സമയം ഉണ്ടായിരിക്കെ പെട്ടെന്നുള്ള പ്രഖ്യാപനം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പോലീസിന്റെയും ഏകോപനമില്ലാതെയാണ് വെളിപ്പെടുത്തുന്നത്. ലോക്ക്ഡൗണിന്റെ ആദ്യ കാലയളവിൽ കളക്ടറും എസ്പിയും തമ്മിലുള്ള സ്വരചേർച്ച വാർത്തയായിരുന്നു.
അവലോകനയോഗത്തിൽ എസ്പി യതീഷ് ചന്ദ്ര പങ്കെടുക്കാത്തതും ചർച്ചയായിരുന്നു. കോർപറേഷനെ അറിയിക്കാതെയാണ് കോർപറേഷനിലെ എല്ലാ വാർഡുകളും അടച്ചിടാൻ പോലീസും കളക്ടറും തീരുമാനിച്ചെതെന്ന് ഡെപ്യൂട്ടി മേയർ പി.കെ.രാഗേഷ് രാഷ്ട്രദീപികയോട് പറഞ്ഞു.
കോർപറേഷനുമായി ബന്ധപ്പെട്ടുള്ള തീരുമാനം എടുക്കുന്പോൾ തങ്ങളോടും കൂടി ആലോചിക്കണം. എന്നാൽ, ഒരു തീരുമാനവും അറിയിക്കാൻ ജില്ലാ ഭരണകൂടവും പോലീസും തയാറാകുന്നില്ലെന്നും പി.കെ. രാഗേഷ് പറഞ്ഞു.