കൽപ്പറ്റ: വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്ന വയനാട്ടിൽ ഇന്നലെ ഒരു മരണം കൂടി. പുൽപ്പള്ളി കാര്യന്പാതി ബസവൻകൊല്ലി കോളനിയിലെ മാധവന്റെ മകൻ ശിവകുമാറിനെയാണ് (24)കടുവ ഇരയാക്കിയത്.
തലയും വലതുകൈയും കാൽമുട്ടുകൾക്കു താഴെയുള്ളതും ഒഴികെ ശരീരഭാഗങ്ങൾ കടുവ ഭക്ഷിച്ചു. ശിവകുമാറിന്റെ മരണം നാടിനെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.
എല്ലാവരുടെയും പ്രിയങ്കരനായിരുന്ന ശിവനെ കടുവ കൊന്ന് തിന്നുവെന്ന വിവരം വനപാലകർ മുഖേന പുറത്തറിഞ്ഞതോടെ സഹപ്രവർത്തകരുൾപ്പടെയുള്ളവർ വിങ്ങിപ്പൊട്ടി. കൃഷിപ്പണിക്കു പുറമേ ഓട്ടോറിക്ഷ ഓടിച്ചുമായിരുന്നു ശിവൻ കുടുംബം പോറ്റിയിരുന്നത്.
ചൊവ്വാഴ്ച വൈകുന്നേരം ശിവൻ വിട്ടിലെത്താത്തതിനെ തുടർന്ന് ബുധനാഴ്ച രാവിലെയോടെ പ്രദേശത്തെ ജനങ്ങൾ വനം വകുപ്പിന്റെ സഹായത്തോടെ വനത്തിൽ തെരച്ചിൽ നടത്തുന്പോഴും ശിവൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സുഹൃത്തുക്കൾ.
തെരച്ചിലിൽ ശിവന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് സുഹൃത്തുക്കളും നാട്ടുകാരും മൃതദേഹം ഒരു നോക്കു കാണുവാനായി ഓടിയെത്തുകയായിരുന്നു. എന്നാൽ കടുവ ഭക്ഷിച്ചതിനെ തുടർന്ന് ബാക്കിയായത് മുഖവും കാലുകളും മാത്രമായിരുന്നു.
ഇന്നലെ ഉച്ചയോടെ കാര്യന്പാതി കതവക്കുന്ന് വനത്തിലാണ് മൃതാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചൊവ്വാഴ്ച പകൽ വിറകുശേഖരിക്കാൻ വനത്തിൽ പോയ ശിവകുമാർ തിരിച്ചെത്താത്തതിനെത്തുടർന്നു പ്രദേശവാസികൾ നടത്തിയ തെരച്ചലിൽ മരത്തിൽ കൊത്തിയ നിലയിൽ വാക്കത്തിയും പരിസരത്തു ചെരിപ്പും രക്തപ്പാടുകളും കണ്ടു.
വിവരം അറിഞ്ഞെത്തിയ വനം-പോലീസ് സേനാംഗങ്ങളുടെ പരിശോധനയിലാണ് അതിർത്തിയിൽനിന്നു 500 മീറ്റർ മാറി വനത്തിൽ ദാരുണരംഗം കണ്ടത്. തെക്കേ വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് കതവക്കുന്ന്. കേണിച്ചിറ പോലീസ് ഇൻക്വസ്റ്റ് നടത്തി. ജാനുവാണ് ശിവകുമാറിന്റെ അമ്മ. സഹോദരി മഞ്ജു.
ശിവകുമാറിന്റെ മൃതാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്നു പ്രദേശത്തു സംഘർഷാവസ്ഥ രൂപപ്പെട്ടു. ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, സൗത്ത് വയനാട് ഡിഎഫ്ഒ പി. രഞ്ജിത്ത്കുമാർ തുടങ്ങിയവർ നാട്ടുകാരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് രംഗം ശാന്തമായത്.
കടുവയെ കൂടുവച്ചു പിടിക്കുമെന്നും ശിവകുമാറിന്റെ കുടുംബത്തിനു 10 ലക്ഷം രൂപ നഷ്ടപരിഹാരവും ഒരാൾക്കു ജോലിയും നൽകുമെന്നു ഡിഎഫ്ഒ ഉറപ്പുനൽകി. കടുവയുടെ സാന്നിധ്യം പ്രദേശവാസികളെ ഭയചകിതരാക്കിയിട്ടുണ്ട്.
പുൽപ്പള്ളി മേഖലയിൽ കടുവയുടെ ആക്രമണം വ്യാപകമാകുന്നതായി പരാതിയുണ്ട്. കഴിഞ്ഞ ദിവസം വണ്ടിക്കടവ് തറയിൽ കുര്യന്റെ കൃഷിയിടത്തിൽനിന്നും കടുവ ഭക്ഷിച്ച് ഉപേക്ഷിച്ച പന്നിയുടെ എല്ലും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.
സ്ഥലത്തെ കാൽപ്പാടുകൾ പരിശോധിച്ച വനംവകുപ്പ് കടുവയുടേതാണെന്ന് ഉറപ്പിച്ചിരുന്നു. കൂടാതെ ആടിക്കൊല്ലിയിൽ കണ്ണന്പള്ളി ഷൈനിയുടെ ഒരു വയസിൽ താഴയെുള്ള മൂന്ന് ആട്ടിൻകുഞ്ഞുങ്ങളെ കടുവ കൊന്ന് ഭക്ഷിച്ചിരുന്നു. കൂട്ടിൽ കെട്ടിയിട്ട ആട്ടിൻകുഞ്ഞുങ്ങളെയാണ് കടുവ ആക്രമിച്ചത്.
ഇവർക്ക് ആകെയുണ്ടായിരുന്ന മൂന്ന് ആടുകളെയാണ് കടുവ പിടിച്ചത്. മരക്കടവിലും പൂതാടിയിലും സമാനമായ രീതിയിൽ കടുവ പശുവിനെയും പോത്തിനെയും ആക്രമിച്ച് കൊന്നിരുന്നു. എന്നാൽ കർഷകർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഇവയെ ഭക്ഷിക്കാതെ കൂട്ടിലുപേക്ഷിച്ച് വനത്തിലേക്ക് മറയുകയായിരുന്നു.
വന്യജീവി ആക്രമണങ്ങൾമൂലം ജീവനും കൃഷിയും നഷ്ടമാകുന്ന സാഹചര്യത്തിൽ കർഷകരും കടുത്ത നിരാശയിലാണ്. ആക്രമണങ്ങൾ പെരുകുന്പോഴും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.
കഴിഞ്ഞ ദിവസം പാലക്കാട് കാട്ടാന പടക്കം പൊട്ടി പരിക്കേറ്റ് ചെരിഞ്ഞപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ദുഖം രേഖപ്പെടുത്തിയവർ ഒരു മനുഷ്യ ജീവൻ വന്യജീവിയുടെ ആക്രമണത്തിൽ പൊലിഞ്ഞത് അറിഞ്ഞില്ലേ എന്ന രീതിയിലും പ്രതിഷേധം വ്യാപകമാണ്.