തിരുവനന്തപുരം: സര്‍ക്കാര്‍ പ്രവാസികളോട് ക്രൂരത കാട്ടുന്നുവെന്നും പ്രവാസികളോടുള്ള സര്‍ക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വാര്‍ത്താസമ്മേളനത്തിനിടെയാണ് പ്രതിപക്ഷനേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പ്രവാസികളുടെ വരവ് എങ്ങനെ മുടക്കാമെന്ന് സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. ഗള്‍ഫില്‍ ഉള്ള പ്രവാസികളോട് സര്‍ക്കാര്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് മനസിലാകുന്നില്ല. പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതും നിഷേധാര്‍ഹമായ നടപടിയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
നാട്ടിലേക്ക് മടങ്ങേണ്ട പ്രവാസികള്‍ റാപ്പിഡ് ടെസ്റ്റ് നടത്തിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഖത്തര്‍, സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ല.
നാട്ടിലേക്കു മടങ്ങുവാന്‍ ആഗ്രഹിച്ചവര്‍ക്ക് ചാര്‍ട്ടേഡ് വിമാന സൗകര്യമൊരുക്കി നല്കിയ പ്രവാസി സംഘടനകളെ അഭിനന്ദിക്കുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.