ചാവക്കാട്: സ്വകാര്യ ബസ് തൊഴിലാളികൾ, പരിഹാരം തേടി മുഖ്യമന്ത്രിക്ക് കത്ത്. ലോക്ക് ഡൗണ്‍ 100 ദിവസമായിട്ടും സംസ്ഥാനത്തെ സ്വകാര്യബസ് തൊഴിലാളികളെ സർക്കാർ സംരക്ഷിക്കുന്നില്ലെന്ന് പരാതിപ്പെട്ടാണ് മുഖ്യമന്ത്രിക്ക് 20ന് ലക്ഷം കത്ത് അയയ്ക്കുന്നത്.
ബസ് തൊഴിലാളികളും അനുബന്ധ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് മുഖ്യമന്ത്രിക്ക് ഒരു ലക്ഷം കത്താണ് അയയ്ക്കുന്നതെന്ന് സംയുക്ത തൊഴിലാളി യൂണിയൻ നേതാക്കളായ ഒ.വി.സജീവൻ, കെ.എം.ബാബു, കെ.കെ.മുബാറക്, പി.എം.ഉസ്മാൻ എന്നിവർ അറിയിച്ചു.
കേരളത്തിൽ 12,600 സ്വകാര്യബസുകളാണ് നിശ്ചലമായത്. അനുബന്ധ തൊഴിലാളികളും കൂടി രണ്ടു ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളാണ് ദുരിതത്തിലായത്. എല്ലാ മേഖലയിലും സഹായം എത്തിയപ്പോൾ ബസ് ജീവനക്കാർക്ക് സഹായം ലഭിച്ചില്ലെന്നാണ് ആക്ഷേപം.
സ്വകാര്യബസ് തൊഴിലാളികളിൽ ഭൂരിഭാഗവും ക്ഷേമനിധിയിൽ അംഗമല്ല. സർക്കാർ ബസ് തൊഴിലാളികൾക്ക് പ്രഖ്യാപിച്ച അടിയന്തര സഹായം തൊഴിൽ രജിസ്ട്രേഷൻ നടത്തിയ മുഴുവൻ തൊഴിലാളികൾക്കും ലഭിക്കണം-നേതാക്കൾ ആവശ്യപ്പെട്ടു.