പയ്യന്നൂര്‍: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ 21ന് വലയ സൂര്യഗ്രഹണത്തിന്റെ ഒരു ഭാഗമായുള്ള ഭാഗിക സൂര്യഗ്രഹണം വീക്ഷിക്കാനാകുമെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ഗംഗാധരന് വെള്ളൂര്‍ അറിയിച്ചു.
ആകാശത്തിന്റെ വടക്കുകിഴക്ക് ഭാഗത്ത് രാവിലെ 10.05 മുതല്‍ ഉച്ചവരെയാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുക. ഇന്ത്യയില്‍ രാജസ്ഥാന്, ഉത്തരാഞ്ചല്‍, ഹരിയാന എന്നീസംസ്ഥാനങ്ങളില്‍ മാത്രമേ വലയസൂര്യഗ്രഹണം കാണാന്‍ കഴിയുകയുള്ളൂ.
സൂര്യബിംബത്തിന്റെ 40 ശതമാനം മറയ്ക്കുന്ന ദൃശ്യമായിരിക്കും കേരളത്തില്‍ കാണാനാകുക. കാസർഗോഡ് ജില്ലയില്‍ രാവിലെ 10.05 മുതല്‍ ഉച്ചയ്ക്ക് 1.20 വരെയാണ് ഗ്രഹണസമയം. തിരുവനന്തപുരത്ത് രാവിലെ 10.14 മുതല്‍ ഉച്ചയ്ക്ക് 1.22 വരെ ഗ്രഹണം കാണാന്‍ കഴിയും.
ദീര്‍ഘവൃത്താകാര ഭ്രമണപഥത്തിനിടയില്‍ ചന്ദ്രന് ഭൂമിയില്‍ നിന്ന് കൂടുതല്‍ അകന്നുവരുന്ന സന്ദര്‍ഭങ്ങളിലാണ് വലയസൂര്യഗ്രഹണം ഉണ്ടാകുന്നത്. 21ന് സൂര്യനും ചന്ദ്രനും മിഥുനം നക്ഷത്രഗണത്തില്‍ ഉത്തരായന രേഖയ്ക്ക് നേരെമുകളില്‍ വരുന്നതിനാലാണ് ഗ്രഹണം ഉണ്ടാകുന്നത്.
സൂര്യഗ്രഹണം നഗ്നനേത്രങ്ങള്‍കൊണ്ട് നിരീക്ഷിക്കരുതെന്നും സൗര കണ്ണടകളോ സണ്‍ഫില്‍ട്ടര്‍ പേപ്പറുകളോ ഗ്രഹണം വീക്ഷിക്കാനായി ഉപയോഗിക്കണമെന്നും ഗംഗാധരന് വെള്ളൂര്‍ പറഞ്ഞു.