എംജെ ശ്രീജിത്ത്
തിരുവനന്തപുരം ഒക്ടോബറിൽ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന ബിജെപിയിലെ പടലപ്പിണക്കങ്ങൾക്ക് ഇതുവരേയും പരിഹാരമായില്ല. ഈ വർഷം ഫെബ്രുവരിയിലാണ് കെ.സുരേന്ദ്രൻ സംസ്ഥാന ബിജെപിയുടെ അധ്യക്ഷനായത്.
പ്രസിഡന്റാകുമെന്ന് കരുതിയിരുന്ന പല നേതാക്കളേയും മറികടന്ന് കെ.സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കിയതോടെ സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി ആരംഭിച്ചു. വി.മുരളീധര പക്ഷത്തെ പ്രമുഖനായ കെ .
സുരേന്ദ്രൻ ബിജെപിയുടെ അമരക്കാരനായതോടെ പി.കെ. കൃഷ്ണദാസ് വിഭാഗം വലിയ പ്രതിഷേധത്തിലായി. ഇതിനിടെ മുതിർന്ന നേതാക്കളായ എ.എൻ.രാധാകൃഷ്ണനേയും ശോഭാ സുരേന്ദ്രനേയും ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിച്ചതോടെ അവർ തന്നെ കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു.
മാർച്ച് അഞ്ചിനാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്. മുതിർന്ന നേതാവ് എം.ടി. രമേശിനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തിയിട്ടു ണ്ടെങ്കിലും സജീവമായി രംഗ ത്തില്ല.
മൂന്നു മാസമായിട്ടും പല മുതിർന്ന നേതാക്കളും സ്ഥാനം എറ്റെടുക്കുകയോ പുതിയ സംസ്ഥാന കമ്മിറ്റിയോട് സഹകരിക്കുകയോ ചെയ്തിട്ടില്ല. ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കളെ ഇതുവരേയും അനുനയിപ്പിക്കാനോ സംഘടനാ ചുമതലകളിൽ സജീവമാക്കാനോ സംസ്ഥാന നേതൃത്വത്തിനോ കേന്ദ്ര നേതൃത്വത്തിനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
സംസ്ഥാനതലം മുതൽ മണ്ഡല ഭാരവാഹികളെ അടക്കം വി.മുരളീധരപക്ഷത്തോട് ആഭിമുഖ്യമുള്ളവരെ കൂടുതലായി നിയമിക്കുന്നതിൽ പ്രവർത്തകർക്കിടയിൽവരെ വലിയ പ്രതിഷേധവും ചേരിതിരിവും പ്രകടമാണ്. സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ച പല കാന്പയിനുകളിൽ നിന്നും ഒരു വിഭാഗം വിട്ടു നിൽക്കുകയാണ്.
ഇതിനു പുറമേ മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരന് ഇതുവരെ പാർട്ടി ഒരു ചുമതലയും നൽകിയിട്ടില്ല. ഇതും മുതിർന്ന നേതാക്കൾക്കെന്ന പോലെ പ്രവർത്തകർക്കിടയിലും വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. പല പരിപാടികളും നടക്കുന്നുണ്ടെങ്കിലും കുമ്മനത്തെ ഉൾപ്പടെ മുതിർന്ന നേതാക്കളെ പങ്കെടുപ്പിക്കുന്നില്ലെന്ന പരാതി വ്യാപകമാകുകയാണ്.
പുതിയ സംസ്ഥാന നേതൃത്വം ചുമതലയേറ്റടുത്തിട്ട് മാസങ്ങൾ പിന്നിട്ടിട്ടും സംഘടനയെ വേണ്ട രീതിയിൽ ചലിപ്പിക്കാൻ കഴിഞ്ഞില്ലെന്ന നിരവധി പരാതികളാണ് ഇവിടെ നിന്നും കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് നിലനിൽക്കുന്ന ഗ്രൂപ്പിസം അതിന്റെ പാരമ്യത്തിലാണെന്നും കേന്ദ്ര നേതൃത്വം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിലംതൊടില്ലെന്ന പരാതി തന്നെയാണ് കത്തുകളിലധികവും.
സ്വന്തം കാര്യത്തിനു വേണ്ടി നേതാക്കൾ അധ്വാനിക്കുന്നതല്ലാതെ പാർട്ടിയെ വളർത്തുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന പരാതികളെ ഇനിയും കേന്ദ്രനേതൃത്വത്തിന് അവഗണിക്കാനാവാത്ത സ്ഥിതിയാണ്.
ഘടകകക്ഷികളും ബിജെപിയുടെ നിലവിലെ പ്രവർത്തനത്തിൽ കടുത്ത അമർഷത്തിൽ തന്നെയാണ്. എഡിഎ ചേർന്നിട്ട് മാസങ്ങളായി. നേതാക്കൾ തമ്മിലുള്ള ആശയവിനിമയം പോലും ഇല്ലെന്നാണ് എഡിഎയിലെ ഒരു പ്രമുഖ ഘടകകക്ഷി നേതാവ് രാഷ്ട്രദീപികയോട് പറഞ്ഞത്.