കോട്ടയം: വീട്ടിലെത്തി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ പിടിയിലായ സ്ത്രീക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനു വേണ്ടി പാലാ പോലീസ് അന്വേഷണം ആരംഭിച്ചു. ചേർത്തല സ്വദേശിനി ശൂരനാട് വടക്കുകരയിൽ ഇരുകണ്ടംവിളയിൽ രാധാമണി രാജേന്ദ്രനെ (60)യാണ് പോലീസ് പിടികൂടിയത്.
ഇവർക്കൊപ്പമുണ്ടായിരുന്നയാളെയാണ് അന്വേഷിക്കുന്നത്. പാലാ വള്ളിച്ചിറിയിലുള്ള വീട്ടിലാണ് രണ്ടംഗ സംഘമെത്തി പണവും സ്വർണവും തട്ടിയെടുത്തത്. ഭാവി കാര്യങ്ങൾ പ്രവചിക്കാനെന്ന വ്യാജേനയാണ് രണ്ടംഗ സംഘം വീട്ടിലെത്തിയത്.
കുടുംബത്തിന് ഉണ്ടാകാനിടയുള്ള ദോഷങ്ങളെക്കുറിച്ചു സംസാരിച്ചു. തുടർന്നു 250 രൂപ പ്രതിഫലമായി ആവശ്യപ്പെട്ടു. അലമാരയിൽ നിന്നും വീട്ടുകാർ പണമെടുത്ത് നല്കുന്നതു കണ്ടതോടെ കുടിവെള്ളം ആവശ്യപ്പെട്ടു.
വെള്ളം എടുക്കുന്നതിനായി വീട്ടുടമസ്ഥ അടുക്കളയിലേക്കു പോയപ്പോൾ അലമാരയിൽ നിന്നും പണവും സ്വർണവും കൈക്കലാക്കി രണ്ടംഗ സംഘം മുങ്ങുകയായിരുന്നു.
പീന്നിട് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് സ്വർണവും പണവും നഷ്്ടപ്പെട്ട വിവരമറിയുന്നത്. ഇതോടെയാണ് പോലീസിൽ പരാതി നല്കിയത്. പോലീസ് നിരവധി സംഘങ്ങളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.
പാലാ എസ്എച്ച്ഒ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.