വൈപ്പിന്‍: ട്രോളിംഗ് നിരോധനത്തിനുശേഷം പ്രതീക്ഷിച്ച ചാകരക്കോള് കാണാതെ നിരാശരായ പരമ്പരാഗത മത്സ്യതൊഴിലാളികളെ കടലമ്മ കനിഞ്ഞു തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസമായി കാളമുക്ക് ഗോശ്രീപുരം ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിനുപോകുന്ന വള്ളങ്ങള്‍ക്ക് സാമാന്യം നല്ലരീതിയില്‍ പൂവാലന് ചെമ്മീന്‍ ലഭിച്ചു തുടങ്ങി.
ഇന്നലെ വൈകുന്നേരത്തോടെ അടുത്ത ഒരു വള്ളത്തിനു 20 ലക്ഷം രൂപയുടെ ചെമ്മീനാണ് ലഭിച്ചത്. രണ്ട് ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെ ലഭിച്ച വള്ളങ്ങള്‍ വേറെയുമുണ്ട്. നല്ല വലിയ പൂവാലന് ചെമ്മീനായതിനാല് കിലോവിനു 180 രൂപ മുതല്‍ 217 രൂപവ രെ ഹാര്‍ബറില്‍ വിലവീണു.
കയറ്റുമതിക്കാര്‍ക്ക് വേണ്ടി ചരക്ക് എടുക്കുന്ന മൊത്തവ്യാപാരികളാണ് മുഴുവന്‍ ചെമ്മീനും വാങ്ങിയത്. കൊച്ചി തീരത്ത് നിന്നും ചാകരതേടി ആലപ്പുഴവരെ പോയാണ് മത്സ്യതൊഴിലാളികള്‍ വള്ളം നിറയെ പൂവാലനുമായി മടങ്ങിയത്.
സാധാരണ ഈ നാളുകളില്‍ പൂവാലനെ കൂടാതെ വലിയ നാരന്‍ ചെമ്മീനും വ്യാപകമായി ലഭിക്കാറുള്ളതാണ്. ഇക്കുറി നാരന്‍ ചെമ്മീന്‍ വ്യാപമകായി കണ്ട് തുടങ്ങിയിട്ടില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
മാത്രമല്ല കാറ്റും കോളും മുറുകി കടല്‍ ഒന്നുകൂടി ഇളകിമറിയാനുണ്ടത്രേ. ഇതിനുശേഷം ഒരു വെയില് കണ്ടാല്‍ മാത്രമേ ചെമ്മീനിന്റെയും മത്സ്യങ്ങളുടേയും കൂട്ടങ്ങള്‍ തീരത്തോട് അടുക്കയുള്ളത്രേ. ഇതാണ് ചാകരയെന്ന പ്രതിഭാസം സൃഷ്ടിക്കുന്നത്.