കണ്ണൂർ: കണ്ണൂർ ജില്ലയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ട് ഇന്ന് നൂറു ദിവസം തികയുകയാണ്. ഇതുവരെയുള്ളതു പോലെയല്ല ഇപ്പോഴത്തെ സ്ഥിതി. ഇനിയുള്ള ദിവസങ്ങളിൽ കോവിഡിന് എതിരായ പോരാട്ടത്തിൽ കൂടുതൽ ജാഗ്രത ആവശ്യപ്പെടുകയാണ് ആരോഗ്യവകുപ്പ്.
മാർച്ച് 12നാണ് ജില്ലയിൽ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ ജില്ലയിൽ 324 പേർക്കാണ് വൈറസ് ബാധിച്ചത്. ഇതിൽ 204 പേർ രോഗം ഭേദമായി ആശുപത്രിവിട്ടത് ആശ്വാസം പകരുന്നു. ഇതുവരെ നാലുപേരാണ് മരണമടഞ്ഞത്.
ഇതിൽ ഏറെ വ്യത്യസ്തമായിരുന്നു ഇന്നലെയുണ്ടായ എക്സൈസ് ഉദ്യോഗസ്ഥന്റെ മരണം. അദ്ദേഹത്തിന് മറ്റു രോഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. 28 വയസ് മാത്രമേയുള്ളൂ. എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
രോഗബാധിതനായി ദിവസങ്ങൾക്കുള്ളിലായിരുന്നു മരണം. അതുകൊണ്ടുതന്നെ സംഭവത്തിൽ വിദഗ്ധപരിശോധന നടത്താൻ സ്പെഷാലിറ്റി ഡോക്ടർമാരുടെ പ്രത്യേകസംഘത്തെ നിയോഗിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്. കൂടുതൽ തീവ്രസ്വഭാവമുള്ള കൊറോണ വൈറസ് ബാധിച്ചതാകാം അദ്ദേഹത്തെ പെട്ടെന്നുള്ള മരണത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
എക്സൈസ് ഉദ്യോഗസ്ഥനിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിയാൻ കഴിയാത്തത് ആരോഗ്യവകുപ്പിനെ കുഴക്കുന്നുണ്ട്. അത്യാസന്നനിലയിൽ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തിച്ച അദ്ദേഹം ഉടൻ വെന്റിലേറ്ററിലാവുകയായിരുന്നു. ഈ മാസം 16ന് കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം 18ന് മരണമടയുകയും ചെയ്തു.
തൊണ്ടവേദന, പനി തുടങ്ങിയവയ്ക്ക് അദ്ദേഹം ചികിത്സതേടിയത് സ്വകാര്യ ആശുപത്രികളിലായിരുന്നതും രോഗനിർണയം വൈകിച്ചതായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. അദ്ദേഹത്തിന്റെ സന്പർക്കപട്ടിക വളരെ വിപുലവുമാണ്.
എക്സൈസ് ഉദ്യോഗസ്ഥന്റെയും സന്പർക്കത്തിലൂടെ രോഗബാധിതനായ കണ്ണൂരിലെ പതിനാലുകാരന്റെയും ഉറവിടം കണ്ടെത്താനുള്ള തീവ്രയത്നത്തിലാണ് ആരോഗ്യവകുപ്പ്. ” നമ്മൾ കൂടുതൽ ജാഗ്രത പുലർത്തേണ്ട സമയമാണ്.
കോവിഡ് എവിടെ നിന്നും വരാം, എങ്ങനെയും വരാം, ആർക്കും വരാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ക്വാറന്റൈൻ കൃത്യമായി പാലിക്കുക, ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി അനുസരിക്കുക, അനാവശ്യമായി പുറത്തിറങ്ങരുത് ഒഴിവാക്കുക- ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.നാരായണ നായ്ക് പറയുന്നു.
അതിനിടെ, കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്മെന്റ് സെന്ററുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ആരോഗ്യവകുപ്പ്. രോഗലക്ഷണങ്ങളില്ലാതെ കോവിഡ് പോസിറ്റീവാകുന്ന ആളുകളെയാണ് ഇത്തരം കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുക. നിലവിലുള്ള കോവിഡ് ആശുപത്രികളുടെ സമീപ പ്രദേശങ്ങളിലാണ് ഇത്തരം കേന്ദ്രങ്ങൾ തുടങ്ങുന്നത്.