പുൽപ്പള്ളി: പഞ്ചായത്തിലെ ബസവൻകൊല്ലി കാട്ടുനായ്ക്ക കോളനിയിലെ മാധവന്റെ മകൻ ശിവകുമാറിനെ(24) കൊന്നുതിന്ന കടുവയെ പിടികൂടുന്നതിനു വനം വകുപ്പ് നീക്കം ഉൗർജിതമാക്കി.
ശിവകുമാറിന്റെ മൃതാവശിഷ്ടങ്ങൾ ലഭിച്ച കതവക്കുന്ന് വനത്തിൽ നിരീക്ഷണത്തിനു ഒന്പതു കാമറ കൂടി ഇന്നലെ സ്ഥാപിച്ചു. എട്ടു കാമറ ബുധനാഴ്ച വൈകീട്ടോടെ സ്ഥാപിച്ചിരുന്നു.
കടുവയെ പിടികൂടുന്നതിനു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചാലുടൻ കൂട് സ്ഥാപിക്കും. കടുവയെ പിടിക്കുന്നതിനു ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി തേടിയിട്ടുണ്ട്.
സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചിലാണ് കതവക്കുന്ന്. നരഭോജിക്കടുവ ഉൾവനത്തിലേക്കു മടങ്ങിയിട്ടില്ലെന്ന നിഗമനത്തിലാണ് വനപാലകർ. സേനാംഗങ്ങൾ ഇന്നലെ പകൽ സംഘങ്ങളായി തിരിഞ്ഞ് വനത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല.
ശിവകുമാർ കൊല്ലപ്പെട്ടതിനടുത്ത് കണ്ട കാലടയാളങ്ങൾ കടുവയുടേതാണെന്നു വനപാലകർ ഉറപ്പുവരുത്തിയിരുന്നു. ചൊവ്വാഴ്ച പകൽ വിറകുശേഖരിക്കാൻ വനത്തിൽ പോയ ശിവകുമാറിന്റെ മൃതാവശിഷ്ടങ്ങൾ ബുധനാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്.
ബുധനാഴ്ച സ്ഥാപിച്ച കാമറകളിൽ കടുവയുടെ ദൃശ്യം പതിഞ്ഞിട്ടില്ലെന്നു ചെതലത്ത് ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി. ശശികുമാർ പറഞ്ഞു. ശിവകുമാറിന്റെ കുടുംബത്തിനു സമാശ്വാധധനത്തിന്റെ ആദ്യഗഡു അടുത്തദിവസം കൈമാറുമെന്നു അദ്ദേഹം അറിയിച്ചു.
ശിവകുമാറിന്റെ വീട് സി.കെ. ശശീന്ദ്രൻ എംഎൽഎ സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം സർക്കാരിൽനിന്നുള്ള ആനുകൂല്യം എത്രയും വേഗം ലഭ്യമാക്കുന്നതിനു ഇടപെടുമെന്നു അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, സിപിഎം ഏരിയ സെക്രട്ടറി എം.എസ്. സുരേഷ്ബാബു എന്നിവർ കൂടെ ഉണ്ടായിരുന്നു.