പത്തനംതിട്ട: കോവിഡ് രോഗവ്യാപനം വർധിച്ചുവരുന്പോഴും സാമൂഹികഅകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമുള്ള സമരപരിപാടികൾ അരങ്ങുതകർക്കുന്നു. വിവിധ വിഷയങ്ങളുന്നയിച്ച് സമരങ്ങളുടെ എണ്ണം എല്ലാദിവസവും കൂടുതലാണ്.
നിശ്ചിത എണ്ണം ആളുകളെ മാത്രം ചിലയിടങ്ങളിൽ സമരം നടത്തുന്പോൾ മറ്റു ചിലയിടങ്ങളിൽ വൻപ്രകടനങ്ങളുമായാണ് സമരക്കാരെത്തുന്നത്. കോവിഡ് പ്രതിരോധമൊക്കെ ആവേശത്തിൽ മറക്കുന്നു.
മാസ്കുപോലുമില്ലാതെയാണ് പ്രകടനങ്ങളിൽ ആളുകളെത്തുന്നത്. ഇത്തരത്തിലുള്ള സമരങ്ങളും മറ്റും രോഗവ്യാപന സാധ്യതകൾ വർധിപ്പിക്കുമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്.
ലോക്ക്ഡൗണ്‍ ഇളവുകൾ നിലനിൽക്കുന്നതിനാൽ പോലീസും കർശന നടപടിക്ക് മുതിരുന്നില്ല. മാസ്ക് ധരിക്കാത്തതിനു മാത്രമാണ് പലയിടത്തും നടപടി ഉണ്ടാകുന്നത്.
ഓരോ സമരങ്ങളിലും പങ്കെടുക്കുന്നവരുടെ പേരുവിവരം ശേഖരിച്ചുവയ്ക്കുന്നുണ്ടെങ്കിലും ശക്തമായ നടപടികളുണ്ടാകാത്തതിനാൽ ഓരോദിവസവും അനാവശ്യ തിരക്കുകളോടെ സമരരീതികൾ പഴയ നിലയിലേക്ക് തിരിച്ചുവരികയാണെന്നത് ഭീതി വർധിപ്പിക്കുന്നു.