കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് അന്വേഷണം അട്ടിമറിക്കാന്‍ പോലീസ് ശ്രമിച്ചെന്ന ആരോപണം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട ബന്ധുക്കളെ ദൂതന് വഴി സ്വാധീനിക്കാന്‍ ശ്രമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ പങ്കിനെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഇതിന് പുറമേ അന്വേഷണസംഘത്തിലുള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇതേക്കുറിച്ചും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുമെന്നാണറിയുന്നത്.
അട്ടമറി സംബന്ധിച്ച് മറ്റെതെങ്കിലും ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയും ആരോപണം ശരിയാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ അത് സംസ്ഥാന പോലീസിന് കളങ്കമായി മാറും. ഈ സാഹചര്യം നിലനില്‍ക്കെയാണ് രഹസ്യാന്വേഷണ വിഭാഗം പ്രാഥമിക അന്വേഷണം നടത്തുന്നത്.
ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയും അതുവഴി പോലീസിന്റെ മുഖച്ഛായ നഷ്ടപ്പെടുത്താതിരിക്കാമെന്നാണ് ഉന്നതപോലീസുദ്യോഗസ്ഥര്‍ കരുതുന്നത്.
ആറു കൊലപാതകങ്ങളും ആറു സംഘങ്ങളായാണ് അന്വേഷിച്ചത്. ഇതിലുള്‍പ്പെട്ട ചിലരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചാണ് ആരോപണമുയരുന്നത്. പ്രതിചേര്‍ക്കേണ്ട പലരേയും ഒഴിവാക്കിയതും സാക്ഷികളായി ഉള്‍പ്പെടുത്തേണ്ടവരെ ഒഴിവാക്കിയതും കുറ്റപത്രം മാറ്റിയെഴുതിയതും കേസ് അട്ടിമറിയ്ക്കുന്നതിന് വേണ്ടിയാണെന്ന ആരോപണമാണിപ്പോള്‍ ഉയരുന്നത്.
പത്തോളം പേരെയാണ് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഇതില്‍ പലരേയും സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം. കൂടത്തായി സീരിയലിന് കളമൊരുക്കിയും വന്‍ അട്ടിമറി നടത്തിയതാണ് ബന്ധുക്കളുടെ ആരോപണം.
പൊന്നാമറ്റം ഷാജുവിന്റെ ആദ്യഭാര്യ സിലിയെ കൊലപ്പെടുത്തിയ കേസില്‍ ഷാജുവിന്റെ പിതാവ് സക്കറിയയെയും, ഒന്നര വയസുകാരി ആല്‍ഫൈനെ ജോളി സയനൈഡ് നല്കി കൊലപ്പെടുത്തിയ കേസില്‍ പൊന്നാമറ്റം ഷാജുവിനെയും ആദ്യം പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിത് ഒഴിവാക്കാന്‍ കുറ്റപത്രം മാറ്റിയെഴുതിയെന്ന ആരോപണവും ഇതിനകം ശക്തമാണ്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ കേസിലെ മുഖ്യപ്രതിയായ ജോളിയുടെ ബന്ധുക്കള്‍ക്ക് വരെ കൊലപാതക പരമ്പരയുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധമുണ്ടെന്നാണ് സാക്ഷികളിലെ പ്രമുഖര്‍ പറയുന്നത് .
ഇത് സംബന്ധിച്ച് നേരത്തെ കേസില്‍ പ്രാഥമികാന്വേഷണം നടത്തിയ സംഘം നിരവധി തെളിവുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചു പിന്നീട് കാര്യമായ അന്വേഷണം നടന്നില്ല.
ജോളിയുടെ കട്ടപ്പനയിലെ വീട്ടിലെത്തി അന്വേഷിക്കുന്നതിന് മുമ്പ് തന്നെ ബന്ധുക്കള്‍ക്കുള്ള പങ്ക് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ കട്ടപ്പനയിലെത്തിയ അന്വേഷണസംഘം പിന്നീട് ഇവരെ പ്രതിചേര്‍ക്കാനുള്ള നടപടികള്‍ സ്വീകരിച്ചില്ല.
കട്ടപ്പനയില്‍വച്ച് രഹസ്യ ചര്‍ച്ച നടത്തുകയും കേസില്‍ നിന്നൊഴിവാക്കുന്നതിന് ചില ഇടപാടുകള്‍ നടന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു. തിടുക്കത്തില്‍ ഏലം വിറ്റതടക്കം തെളിവുകള്‍ ബന്ധുക്കള്‍ ശേഖരിച്ചിട്ടുണ്ട്. ജോളിയുടെ സെക്സ് റാക്കറ്റ് ബന്ധത്തെ കുറിച്ചുള്ള അന്വേഷണവും പാതിവഴിയില്‍ പോലീസ് മുക്കിയതിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപെടലുകള്‍ നടന്നുവെന്നാണ് ആരോപണം.