ഹരിപ്പാട്: ഏഴാം ക്ലാസ് വിദ്യാർഥിനി വീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ അമ്മയെ അറസ്റ്റ് ചെയ്തു. കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ അശ്വതിയേയാണ്(32) തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
അശ്വതിയുടെ മകൾ ഹർഷയെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ജുവനൈൽ ജസ്റ്റീസ് ആക്റ്റ് പ്രകാരമാണ് അറസ്റ്റ്.
ഇന്നലെ വൈകുന്നേരം ചോദ്യം ചെയ്യാനായി സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ പഠിക്കാത്തതിന്റെ പേരിൽ മർദ്ദിച്ചിരുന്നതായും മരിക്കുന്നതിന് തലേദിവസവും മർദിച്ചിരുന്നതായും അശ്വതി പോലീസിനോട് പറഞ്ഞു.
ഉറങ്ങുന്നതിനു മുമ്പ് മകൾക്ക് ഉമ്മ നൽകുന്ന ശീലം ഉണ്ടായിരുന്നു. എന്നാൽ മരിക്കുന്നതിന്റെ തലേദിവസം വഴക്കിട്ടതിനാൽ ഉമ്മ നൽകിയില്ല. പഠിച്ചില്ലെങ്കിൽ ബന്ധം പിരിഞ്ഞ പിതാവിന്റെ അടുത്താക്കുമെന്നും പറഞ്ഞതായി അശ്വതി പോലീസിനോട് പറഞ്ഞു.
ആദ്യ വിവാഹത്തിലെ മകളായ ഹർഷയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ നേരത്തേ ആരോപിച്ചിരുന്നു. സംസ്കാരത്തിനായി മൃതദേഹവുമായി ആംബുലൻസ് വന്നപ്പോൾ നാട്ടുകാർ ആംബുലൻസ് തടഞ്ഞിരുരുന്നു.
കുട്ടിയുടെ മരണത്തിന് ഉത്തരവാദിയായ മാതാവിനെ മൃതദേഹം കാണിക്കാൻ അനുവദിക്കില്ലെന്നും അശ്വതിയെ അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു നാട്ടുകാരുടെ ആവശ്യം.
തുടർന്ന് തൃക്കുന്നപ്പുഴ സിഐ ആർ. ജോസിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ അശ്വതി, കുട്ടിയെ നിരവധി തവണ മാനസികവും ശാരീകവുമായി ഉപദ്രവിച്ചിരുന്നതായി കണ്ടെത്തി.
കുട്ടിയെ ശാരീരികവും മാനസികവുമായി ഉപദ്രവിച്ചതിന്റെ പേരിലാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നങ്ങ്യാർകുളങ്ങര ബഥനി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായിരുന്നു ഹർഷ. കരുവാറ്റ സ്വദേശി ഹരികുമാറാണ് ഹർഷയുടെ പിതാവ്.