തൃശൂർ: മാലിന്യ സംസ്കരണത്തിന്റെ പേരിൽ കേരള പൊലൂഷൻ ബോർഡ് ചുമത്തിയ പിഴ ഹൈക്കോടതി റദ്ദാക്കി. 1920 മുതൽ 2012 വരെ ലാലൂരിൽ ഇട്ടിരുന്ന ഖരമാലിന്യം ബയോമൈനിംഗ് ചെയതില്ലെന്നും പുതിയ കേന്ദ്രം ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണു തൃശൂർ കോർപറേഷന് 4.56 കോടി രൂപ പിഴ ചുമത്തിയത്.
തൃശൂർ കോർപറേഷൻ ഈ രംഗത്ത് നടത്തിയ പ്രവർത്തനങ്ങൾ കേരള ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയതോടെയാണു പൊലൂഷൻ ബോർഡ് ചുമത്തിയ 4.56 കോടി രൂപ അടയ്ക്കാനുള്ള വിധി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റീസ് ഷാജി പി. ചാലി എന്നിവർ റദ്ദാക്കിയത്.
2015-ൽ അധികാരത്തിൽ വന്ന കൗണ്‍സിൽ പ്രധാനപ്പെട്ട പരിഗണനയാണു മാലിന്യ സംസ്കരണത്തിനു നൽകിയത്. ഇതിന്റെ ഭാഗമായി ഉറവിടത്തിൽതന്നെ മാലിന്യം സംസ്കരിക്കുക എന്ന പുതിയ നയം രൂപീകരിക്കുകയും അതിനായി നടപടികൾ സ്വീകരിക്കുകയും ചെയ്തതായി കോർപറേഷൻ അറിയിച്ചു.
പിഴ ചുമത്തിയതു കോർപറേഷന്റെ പോരായ്മയായി പലരും വ്യാഖ്യാനിച്ചിരുന്നു. എന്നാൽ ഈ രംഗത്ത് കോർപറേഷൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് അംഗീകാരമായാണ് ഹൈക്കോടതി വിധിയെ കാണുന്നതെന്നു മേയർ അജിത ജയരാജൻ പറഞ്ഞു.