മട്ടന്നൂർ: കോവിഡ് 19 വൈറസ് ബാധിച്ച് എക്സൈസ് ജീവനക്കാരൻ മരിക്കുകയും ഒരാൾക്ക് സമ്പർക്കം വഴി രോഗം ബാധിക്കുകയും ചെയ്തതോടെ മട്ടന്നൂർ നഗരസഭയിലും മാലൂർ പഞ്ചായത്തിലും നിയന്ത്രണങ്ങൾ കർശനമാക്കി.
മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ ഡ്രൈവർ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് മട്ടന്നൂർ നഗരസഭയിൽ പൂർണമായി ലോക്ക്ഡൗണിന് സമാനമായ അടച്ചിട്ടത്. അവശ്യസാധനങ്ങളായ പച്ചക്കറി, പഴം, പലചരക്ക്, മത്സ്യം, ബേക്കറി എന്നിവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ 30 വരെ അടച്ചിടും.
അവശ്യ സാധനങ്ങളുടെ കടകൾ രാവിലെ എട്ടുമുതൽ അഞ്ചുവരെ മാത്രമേ പ്രവർത്തിക്കാവൂ. ഹോട്ടലുകളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് ഏഴു വരെ പാർസൽ സർവീസിന് മാത്രമായാണ് പ്രവർത്തിക്കുന്നത്.
വളം, ഇലക്ട്രോണിക്സ് കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും മൊബൈൽ ഫോൺ, ബുക്ക്സ്റ്റാൾ എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലുമാണ് പ്രവർത്തിക്കുക. നഗരസഭാ പരിധിയിൽ കൂട്ടം ചേർന്നുള്ള കളികൾ നിരോധിച്ചു.
കണ്ണൂർ വിമാനത്താവള റോഡിൽ പാർക്കിംഗ് നിരോധിച്ചു. ഓട്ടോറിക്ഷകൾ നമ്പർ ഇരട്ടയക്കത്തിൽ അവസാനിക്കുന്നവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഒറ്റയക്കത്തിൽ അവസാനിക്കുന്നവ ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലും നഗരത്തിൽ പാർക്ക് ചെയ്ത് സർവീസ് നടത്തണം.
സമ്പർക്കം വഴി മാലൂർ കെപിആർ നഗറിലെ വ്യാപാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാലൂർ പഞ്ചായത്തിലെ വാർഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 3, 4, 5, വാർഡുകളും 12 ന്റെ പകുതി ഭാഗവും 28 വരെ അടച്ചിട്ടത്.
കടകളിൽ പപ്പടം വിതരണം ചെയ്തയാളിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം ബാധിച്ചത്. മുഴക്കുന്ന് സ്വദേശിയായ പപ്പടം വിതരണക്കാരൻ മാലൂരിലെ വിവിധ ഭാഗങ്ങളിലെ കടകളിൽ പപ്പടം വിതരണം ചെയ്തതിനാൽ പത്തോളം വ്യാപാരികൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്.
ഏതാനും ദിവസം മുമ്പാണ് പപ്പടം വിതരണക്കാരന് ഇരിട്ടിയിലെ വ്യാപാരിയിൽ നിന്ന് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചത്. നിലവിൽ വിദേശത്തു നിന്ന് എത്തിയ 50 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 101 പേരുമാണ് മട്ടന്നൂർ നഗരസഭയിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
മരിച്ച എക്സൈസ് ഡ്രൈവർക്കൊപ്പം ജോലി ചെയ്ത 17 എക്സൈസ് ഉദ്യോഗസ്ഥരുടെ സ്രവ പരിശോധന കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതിൽ നാലുപേരുടെ പരിശോധന ഫലം നെഗറ്റീവാണ്. മറ്റുള്ളവരുടെ ഫലം ഇന്നും നാളെയും വരുമെന്നാണ് വിവരം.