തൊടുപുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസ്കിനും സാനിറ്റൈസറിനും ആവശ്യക്കാരേറിയതോടെ ഇവയുടെ അനധികൃത വിൽപന നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായി. മാസ്ക് ഇപ്പോൾ ജനങ്ങളുടെ അവശ്യവസ്തുവായി മാറിയതോടെ വ്യാപകമായ തോതിൽ മാസ്കുകൾ വിപണിയിൽ വിറ്റഴിക്കപ്പെടുന്നുണ്ട്.
മെഡിക്കൽ സ്റ്റോറുകൾ മുതൽ പെട്ടിക്കടകൾ വരെയുള്ള സ്ഥാപനങ്ങളിൽ മാസ്കുകൾ വിറ്റഴിക്കപ്പെടുന്നുണ്ട്. എന്നാൽ യാതൊരു മാനദണ്ഡവും ഗുണനിലവാരവും സുരക്ഷാക്രമീകരണവുമില്ലാതെ തുറസായ സ്ഥലങ്ങളിൽ പോലുമാണ് മാസ്ക് വിൽപന നടക്കുന്നത്.
സാനിറ്റൈസറുകളുടെ വിൽപന കാര്യത്തിൽ ഇപ്പോഴും അവ്യക്തതകൾ നിലനിൽക്കുകയാണ്. ഏതുരീതിയിലുള്ള സാനിറ്റൈസറാണ് പ്രയോജനകരമെന്നും ഇത് ഏതു സ്ഥാപനങ്ങളിൽ വിൽപന നടത്താമെന്നതിനെയും സംബന്ധിച്ചാണ് കൃത്യമായ സ്ഥിരീകരണം ഇല്ലാത്തത്. ഇതിനിടെ ഗുണമേൻമയില്ലാത്ത അനധികൃത സാനിറ്റൈസർ വിപണിയിൽ വിൽപന നടക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
സാനിറ്റൈസർ ഇപ്പോൾ പല കടകളിലും സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ ഡ്രഗ്സ് കണ്ട്രോൾ ബോർഡിന്റെ അംഗീകൃത ലൈസൻസുള്ള മെഡിക്കൽ സ്റ്റോറുകൾക്കും ഡെറ്റോൾ പോലെയുള്ള ഉത്പന്നങ്ങൾ വിൽക്കാൻ അനുമതിയുള്ള സൂപ്പർ മാർക്കറ്റുകൾക്കും മാത്രമാണ് സാനിറ്റൈസർ നിയമാനുസരണം വിൽക്കാൻ കഴിയൂ.
അലോപ്പതി വിഭാഗത്തിൽ നിർമിച്ചിരിക്കുന്ന സാനിറ്റൈസർ ഇത്തരം സ്ഥാപനങ്ങളിൽ മാത്രമേ വിൽക്കാൻ അനുമതിയുള്ളൂ. ഗുണനിലവാരമുള്ള ആൽക്കഹോളിന്റെ അളവു കൃത്യമായ ഇത്തരം സാനിറ്റൈസറുകളാണ് ഡ്രഗ്സ് കണ്ട്രോൾ ബോർഡും പ്രോൽസാഹിപ്പിക്കുന്നത്.
എന്നാൽ മറ്റു കടകളിലും സാനിറ്റൈസർ വ്യാപകമായി വിൽപന നടത്തിവരുന്നുണ്ട്. ഹെർബൽ ഉത്പന്നമെന്ന പേരിലാണ് ഇവയുടെ വിൽപന. എന്നാൽ ഇവയുടെ നിർമാണത്തിലോ വിപണനത്തിലോ ഡ്രഗ്സ് കണ്ട്രോൾ ബോർഡിന് ഇടപെടാൻ കഴിയില്ല.
എന്നാൽ അനധികൃത സാനിറ്റൈസർ വിപണിയിലെത്തുന്നുവെന്ന പരാതിയെതുടർന്ന് വിവിധ മേഖലകളിൽനിന്നും ഡ്രഗ്സ് ഇൻസ്പെക്ടർമാർ ശേഖരിച്ച സാന്പിളുകൾ ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറി തിരുവനന്തപുരം, തൃശൂർ, റീജണൽ ഡ്രഗ്സ് ടെസറ്റിംഗ്് ലബോറട്ടറി എറണാകുളം എന്നിവിടങ്ങളിൽ പരിശോധനയ്ക്കച്ചിരിക്കുകയാണ്. ഇതിന്റെ പരിശോധനാഫലം ലഭിച്ചതിനു ശേഷമായിരിക്കും തുടർനടപടികളുണ്ടാകുക.
കടകളിൽ ആളുകൾക്ക് കാണത്തക്കവിധം തൂക്കിയും കൂട്ടിയിട്ടുമാണ് മാസ്ക് വിൽപന. തുറന്നയിടങ്ങളിൽ മാസ്ക് വച്ചിരിക്കുന്നതുമൂലം പൊടിയും മറ്റും പറ്റാനും സാധ്യതയേറെയാണ്.
പല മെഡിക്കൽ സ്റ്റോറുകളിൽപോലും മേശമേൽ കൂട്ടിയിട്ടാണ് മാസ്ക് വിൽപന നടക്കുന്നത്. ആളുകൾ എടുത്തും മുഖത്തു വച്ചുനോക്കിയുമാണ് പലപ്പോഴും മാസ്ക് തെരഞ്ഞെടുക്കുന്നത്. ഇത് രോഗസാധ്യത കൂട്ടാനിടയുണ്ടെന്ന് പരാതിയുണ്ട്.
തുണി മാസ്കുകളോ ടൗവൽകൊണ്ട് മുഖം മറച്ചോ ആളുകൾക്ക് പുറത്തിറങ്ങാമെന്നാണ് സർക്കാർ നിർദേശമെങ്കിലും രോഗവ്യാപന സാധ്യത പൂർണമായും ഒഴിവാകണമെങ്കിൽ ത്രീലെയർ മാസ്ക് തന്നെ ധരിക്കണമെന്നാണ് ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് നിഷ്കർഷിക്കുന്നത്.
എന്നാൽ ത്രീലെയർ മാസ്ക് മെഡിക്കൽ സ്റ്റോറുകളിൽപോലും പലപ്പോഴും ലഭിക്കാറില്ല. ഇതിനുപകരം ലാഭം കൂടുതൽ ലഭിക്കുന്ന തുണി മാസ്കുകളാണ് കൂടുതലും വിൽപന നടത്തുന്നത്. ഇതിനിടെ മാസ്കുകളിൽ അണുബാധയേൽക്കാതെ പായ്ക്കറ്റുകളിലും മറ്റുമാക്കി നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.