എസ്.ആർ.സുധീർകുമാർ
കൊല്ലം: മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൊല്ലം നഗരത്തിൽ പോലീസും ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
കൊല്ലം കോർപ്പറേഷനിലെ മുണ്ടയ്ക്കൽ, ഉദയമാർത്താണ്ഡപുരം, കന്റോൺമെന്റ് ഡിവിഷനുകൾ ജില്ലാ കളക്ടർ കണ്ടെയിൻമെന്റ് സോണുകളായി പ്ര്യഖ്യാപിച്ചിട്ടുണ്ട്.
ഇവിടങ്ങളിൽ ഭൂരിഭാഗം സ്ഥലത്തും വ്യാപാരികൾ സ്വമേധയാ സ്ഥാപനങ്ങൾ അടച്ചു. എസ്എൻ കോളജ് ജംഗ്ഷനിലെ കടകൾ കഴിഞ്ഞ ദിവസം തന്നെ അടയ്ക്കുകയുണ്ടായി.
മുണ്ടയ്ക്കൽ സ്വദേശിയായ യുവാവ് ബൈക്കിൽ സുഹൃത്തിനൊപ്പമാണ് മലപ്പുറത്ത് നിന്ന് കൊല്ലത്ത് എത്തിയത്. എസ്എൻ കോളജ് ജംഗ്ഷന് സമീപത്തെ സ്ഥാപനത്തിൽ ജോലി ചെയ്തു.
സമീപത്തെ കടകളിലും എതിർവശത്തെ ചായക്കടയിലും നിരവധി തവണ പോയിട്ടുണ്ട്. കപ്പലണ്ടി മുക്കിലെ ഹോട്ടലിൽ പാർസൽ വാങ്ങിക്കുന്നതിനും പലവട്ടം പോയി. ജില്ലാ ആശുപത്രിയിൽ നടത്തിയ ശ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇയാളുടെ സന്പർക്കപ്പട്ടിക വിപുലമാണ്. എല്ലാവരെയും കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ ആരോഗ്യവകുപ്പ് അധികൃതർ തുടരുകയാണ്. ഇയാളുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതേടുടർന്നാണ് മൂന്ന് ഡിവിഷനുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ കളക്ടർ ഉത്തരവ് ഇറക്കിയത്.
ദേശീയപാതയിൽ കൊല്ലം എസ്എൻ കോളജ് വഴിയുള്ള വാഹനങ്ങൾ പോലീസ് വഴിതിരിച്ച് വിട്ടു. കൊല്ലം ചിന്നക്കടയിൽ വലിയ പോലീസ് വാഹനം റോഡിന് കുറകെയിട്ടായിരുന്നു പരിശോധന. ഇവിടെ അടിപ്പാത വഴി കണ്ടെയിൻമെന്റ് ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കടത്തിവിട്ടില്ല.
കണ്ടെയിൻമെന്റ് സോണിലെ അതിർത്തികളിലെല്ലാം പോലീസിനെ വിന്യസിച്ച് പരിശോധന നടത്തി. പുറത്തുനിന്ന് വരുന്ന വാഹനങ്ങൾഡക്ക് കണ്ടെയിൻമെന്റ് സോണിലേയ്ക്ക് പോകാൻ അനുമതി നൽകിയില്ല. എന്നാൽ സോണിലുള്ളിലുള്ളവർക്ക് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകുന്നതിന് തടസം ഒന്നും ഉണ്ടായിരുന്നില്ല.
കണ്ടെയിൻമെന്റ് സോണുകളിലെ മദ്യഷോപ്പുകൾ അടച്ചിടാനും ബന്ധപ്പെട്ടവർ നിർദേശം നൽകി. കൊല്ലം ഡിസിസി ഓഫീസ് ജംഗ്ഷനിലും ബൻസിഗർ ആശുപത്രി ജംഗ്ഷനിലും വാഹന നിയന്ത്രണത്തിന് കൂടുതൽ പോലീസിനെ നിയോഗിച്ചു.
കൊല്ലം ചിന്നക്കടയിൽ അടക്കം വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം ഉണ്ടെന്ന വ്യാജ പ്രചാരണവും ഉണ്ടായി. എന്നാൽ ബീച്ച് റോഡിൽ ബെൻസിഗർ ആശുപത്രിക്ക് സമീപം മുതൽ ചിന്നക്കയിലെയും മെയിൻ റോഡിലെയും കച്ചവട കേന്ദ്രങ്ങളും ഹോട്ടലുകളും എല്ലാം സാധാരണ പോലെ തുറന്ന് പ്രവർത്തിച്ചു.
അതേസയമയം നഗരത്തിലെ കണ്ടെയിൻമെന്റ് സോണിലെ നിയന്ത്രണങ്ങൾ സംബന്ധിച്ച് അധികൃതർ വാഹനത്തിൽ മൈക്ക് അനൗൺസ്മെന്റും നടത്തി. പൊതുസ്ഥലങ്ങളിൽ മൂന്നുപേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ല, വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്റർ സാമൂഹിക അകലം പാലിക്കണം, വഴിയോര കച്ചവടം, ചായക്കട, ജ്യൂസ് സ്റ്റാളുകൾ ഒഴികെയുള്ള കടകളുടെ പ്രവർത്തനം രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ മാത്രം, പ്ലാന്റേഷൻ-നിർമാണ മേഖലകളിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പാടില്ല, വീടുകൾ കയറിയിറങ്ങിയുള്ള കച്ചവടം പാടില്ല എന്നിവയായിരുന്നു നിർദേശങ്ങൾ.
ഇതോടൊപ്പം തൃക്കോവിൽവട്ടം പഞ്ചായത്തിലെ ആറ്, ഏഴ്, ഒന്പത് വാർഡുകൾ, കല്ലുവാതുക്കൽ പഞ്ചായത്തിലെ എട്ട്, പത്ത്, 11,13 വാർഡുകൾ, പന്മന പഞ്ചായത്തിലെ 10,11 വാർഡുകൾ, പുനലൂർ നഗരസഭയിലെ വാർഡ് 12 എന്നിവിടങ്ങളിലെ കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങൾ തുടരും.
കുളത്തൂപ്പുഴ പഞ്ചായത്തിലെ ഇഎസ്എം കോളനി, റോസ്മല, അന്പതേക്കർ, അന്പലം, ചോഴിയക്കോട്, ആര്യങ്കാവ് പഞ്ചായത്തിലെ അച്ചൻകോവിൽ ക്ഷേത്രം, അച്ചൻകോവിൽ, ആര്യങ്കാവ്, ആര്യങ്കാവ് ക്ഷേത്രം എന്നിവിടങ്ങളിൽ ഹോട്ട്സ്പോട്ട് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതായി ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ അറിയിച്ചു.