കോഴിക്കോട്: ലോക്ക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് തുറന്നുപ്രവര്‍ത്തിക്കുന്ന തട്ടുകളില്‍ പരിശോധന ശക്തമാക്കാന്‍ പോലീസിന് നിര്‍ദേശം. ഇതരദേശത്തുനിന്നുള്ള ചരക്കുലോറികളും മറ്റും കൂടുതലായി എത്തുന്ന സാഹചര്യത്തിലാണ് തട്ടുകടകളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ ഡിസിപി സുജിത്ത്ദാസ് നിര്‍ദേശം നല്‍കിയത്.
തമിഴ്നാട്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി സംസ്ഥാനങ്ങളില്‍ കോവിഡ് പടരുകയാണ്. ഇവിടെ നിന്നും ചരക്കുമായി നിരവധി വാഹനങ്ങളാണ് സംസ്ഥാനത്ത് എത്തുന്നത്.
ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതല്‍ പരിശോധനകളൊന്നും നടക്കുന്നില്ല. ഇപ്രകാരം കോഴിക്കോട് നഗരത്തില്‍ എത്തുന്ന വാഹനങ്ങളിലുള്ളവര്‍ തട്ടുകടകളെയാണ് ഭക്ഷണത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്.
തട്ടുകടകളിലാണ് പ്രദേശവാസികളും സമീപത്തെ സ്ഥാപനങ്ങളിലുള്ളവരും എത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ സമൂഹവ്യാപനത്തിന് സാധ്യതയേറെയാണെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇതേതുടര്‍ന്നാണ് പരിശോധന ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയത്. ഓരോ സ്റ്റേഷന് പരിധിയിലുമുള്ള തട്ടുകടകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് എസ്എച്ച്ഒകള്‍ ഉറപ്പുവരുത്തണമെന്ന് ഡിസിപി നിര്‍ദേശം നല്കി. വീഴ്ച കണ്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.