തിരുവനന്തപുരം: വൈറസിന്റെ ഉറവിടം കണ്ടെത്താൻ കഴിയാത്ത കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ജില്ലാ ഭരണകൂടം.
ഉറവിടം കണ്ടെത്താൻ കഴിയാത്ത കോവിഡ് ബാധിതരായ മൂന്നു പേർ മരണപ്പെട്ടതിനു പിന്നാലെ, തലസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രോഗബാധ സ്ഥിരീകരിച്ച നാലു പേർക്ക് രോഗം പിടിപെട്ടത് എവിടെ നിന്നാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
മണക്കാട് സ്വദേശിയായ ഓട്ടോ ഡ്രൈവർക്കും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചതും ഓട്ടോ ഡ്രൈവർക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനാകാത്തതുമാണ് നഗരത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
ഇദ്ദേഹത്തിനും ഭാര്യയ്ക്കും ഇളയമകൾക്കുമാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെ ഇന്നലെ മൂത്ത മകൾക്കും രോഗം സ്ഥിരീകരിച്ചു.കഴിഞ്ഞ 12 ന് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയ ശേഷവും രോഗബാധയുണ്ടെന്നറിയാതെ ഇദ്ദേഹം നിരവധി പേരുമായി ഇടപഴകിയിരുന്നു.
പിന്നീട് ഭാര്യയ്ക്കും മകൾക്കും ലക്ഷണങ്ങൾ കണ്ടു തുടങ്ങിയപ്പോഴാണ് പരിശോധന നടത്തുന്നത്. സീരിയലുകളിലും മറ്റും ജൂണിയർ ആർട്ടിസ്റ്റ് കൂടിയായ ഇദ്ദേഹത്തിന് നിരവധി പേരുമായി സന്പർക്കമുണ്ടായിട്ടുണ്ടെന്നാണ് നിഗമനം.
രോഗം സ്ഥിരീകരിക്കുന്നതിനു ദിവസങ്ങൾക്കു മുൻപു വരെ ഇദ്ദേഹം ഷൂട്ടിംഗ് ലൊക്കേഷനുകളിലടക്കം പോയിട്ടുണ്ടെന്നാണ് വിവരം. അതു കൊണ്ട ു തന്നെ സന്പർക്കപ്പട്ടിക തയാറാക്കുന്നതിൽ വലിയ വെല്ലുവിളിയാണ് ആരോഗ്യപ്രവർത്തകർ നേരിടുന്നത്.
കഴിഞ്ഞ ദിവസം മണക്കാട് മൊബൈൽ കട നടത്തുന്ന മറ്റൊരാൾക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ കേസിലും ഇതുവരെ ഉറവിടം വ്യക്തമായിട്ടില്ല.
നഗരത്തിൽ അതീവ ജാഗ്രത വേണമെന്ന് സ്പെഷൽ ബ്രാഞ്ച് ആരോഗ്യ വകുപ്പിനു കഴിഞ്ഞ ദിവസം നൽകിയ റിപ്പോർട്ട്, ആശങ്കാജനകമായ സ്ഥിതിയാണ് നഗരത്തിൽ നിലനിൽക്കുന്നതെന്ന കാര്യം ശരിവെയ്ക്കുന്നു. ജില്ലയിൽ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കാൻ പോലീസിന് നിർദേശം നൽകിയതായി ഇന്നലെ മുഖ്യമന്ത്രിയും അറിയിച്ചു.
രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ലോക്ക് ഡൗണ്‍ ഇളവുകൾ പ്രഖ്യാപിച്ചതോടെ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് സാമൂഹ വ്യാപന ഭീഷണി ഉയർത്തുന്നുണ്ടെന്ന് അവലോകന യോഗത്തിനു ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വരും ദിവസങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി നഗരത്തിലേക്കുള്ള ചില വഴികൾ അടയ്ക്കേണ്ടി വരുമെന്നും മന്ത്രി സൂചന നൽകി. സ്ഥിതിഗതികൾ വിലയിരുത്തി പ്രാദേശികമായി കർശന നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലയിലെ എംഎൽഎമാരുടെ യോഗം വിളിക്കും.
നഗരസഭാ കൗണ്‍സിലർമാരുടെ യോഗവും ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗവും ചേരും.
തീരദേശ മേഖലയിലെ സ്ക്രീനിംഗ് ശക്തമാക്കും. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികൾ, കേരള സർവകലാശാലയുമായി ബന്ധപ്പെട്ട ലാബുകൾ, തുടങ്ങിയവ പ്രയോജനപ്പെടുത്താനും യോഗം തീരുമാനിച്ചു.
ജില്ലാകളക്ടർ നവ് ജ്യോത് ഖോസ, സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ, നിയുക്ത ഡിസിപി ഡോ. ദിവ്യ ഗോപിനാഥ്, സ്ഥാനമൊഴിയുന്ന ഡിസിപി കറുപ്പുസ്വാമി, എഡിഎം വി.ആർ. വിനോദ്, ഡപ്യൂട്ടി കളക്ടർമാർ, ഡിഎംഒ പി.പി.പ്രീത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.