ഇരിങ്ങാലക്കുട: കോവിഡ്19 വൈറസിനെതിരെ ശക്തമായ അണുനശീകരണ സംവിധാനവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എൻജിനീയറിംഗ്.
സന്പർക്കം മൂലമുണ്ടാകുന്ന രോഗവ്യാപനം വലിയ തോതിൽ കുറയ്ക്കുന്നതിനായി ഓസോണൈസർ എന്ന അണുനശീകരണ സംവിധാനമാണ് കോളജ് മുന്നോട്ടു വയ്ക്കുന്നത്.
കോവിഡ് ഡിസ്ചാർജ് മുഖേന അന്തരീക്ഷത്തിലുള്ള ഓക്സിജനെ വിഘടിപ്പിച്ച് ഓസോണ്‍ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയാണു ഓസോണൈസറിന്റെ പ്രവർത്തന തത്ത്വം.
അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണുനശീകരണം നടത്താൻ കഴിയാത്തിടങ്ങളിലാണു ഓസോണൈസർ ഉപകാരപ്രദമാകുന്നത്. ശക്തമായ അണുനാശിനിയായ ഓസോണ്‍ വാതക രൂപത്തിലായതിനാൽ എല്ലായിടങ്ങളും പടർന്നെത്തി അണുനശീകരണം നടത്താൻ ഓസോണൈസറിനു സാധിക്കും.
വിസ്തൃതമാർന്ന മുറികൾ, വസ്ത്രങ്ങൾ വയ്ക്കുന്ന അലമാരകൾ, വാഹനങ്ങളുടെ അകംഭാഗം എന്നിവ അണുവിമുക്തമാക്കാൻ ഈ സംവിധാനം ഉപയോഗിക്കാം.
ഓസോണ്‍ ഉത്പാദനം നടക്കുന്ന വേളയിൽ ഈ ഉപകരണത്തിനടുത്തു പോവാതിരിക്കാനും സമയബന്ധിതമായി അണുനശീകരണം നടത്താനുമായി വ്യക്തമായ ടൈമർ സംവിധാനം ഓസോണൈസറിൽ ലഭ്യമാണ്.
കോളജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം അധ്യാപകനായ രാഹുൽ മനോഹറും രണ്ടാം വർഷ വിദ്യാർഥിയായ കൃഷ്ണപ്രസാദും ചേർന്നാണു ഇത്തരമൊരു അണുനശീകരണ സംവിധാനം നിർമിച്ചത്.