ഇരിട്ടി: വീട്ടില്‍ വൈദ്യുത മീറ്റര്‍ റീഡിംഗ് എടുക്കാന്‍ വന്ന ജീവനക്കാരനുനേരെ വീട്ടുകാരന്റെ മര്‍ദനം. പേരാവൂര്‍ മണ്ഡപത്തിലെ പാലുമ്മില് ദിനേശനാണു മര്‍ദനമേറ്റത്.
ഇദ്ദേഹം റീഡിംഗ് എടുക്കാനായി എത്തിയ മാടത്തില്‍ പട്ടാരത്തെ വീട്ടുകാരനില്നിന്നാണ് അധിക്ഷേപവും മര്ദനവുമേറ്റത്. തന്നെ മര്‍ദിച്ച വീട്ടുകാരനെതിരേ നിയമനടപടി ആവശ്യപ്പെട്ട് ദിനേശ് ഇരിട്ടി പോലീസില്‍ പരാതി നല്കി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. പട്ടാരത്തെ ആലീസിന്റെ പേരിലുള്ള 14456 കണ്‍സ്യൂമര്‍ നമ്പറിലുള്ള വീടിന്റെ മീറ്റര്‍ റീഡിംഗ് എടുത്ത് വീട്ടില്‍നിന്നിറങ്ങുമ്പോള്‍ വീട്ടിലുണ്ടായിരുന്നയാൾ കൈയില്‍ പിടിച്ച് നിര്‍ത്തുകയും തന്നോടാരാണ് എന്നോടുചോദിക്കാതെ റീഡിംഗ് എടുക്കാന്‍ പറഞ്ഞതെന്നു ചോദിച്ചു മര്‍ദിക്കുകയായിരുന്നുവെന്നാണ് ദിനേശന്റെ പരാതിയില്‍ പറയുന്നത്. പിടിവലിയില്‍ ദിനേശന്റെ ഷര്‍ട്ട് കീറി.
ഇത് കണ്ടുനിന്ന അടുത്ത വീട്ടുകാര്‍ മര്‍ദിക്കരുതെന്ന് പറഞ്ഞെങ്കിലും കേട്ടാലറയ്ക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞുകൊണ്ട് മര്‍ദനം തുടരുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ദിനേശന്റെ പരാതിയില്‍ ഇരിട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.