കോന്നി: ഭാര്യയെ മരിച്ചനിലയില്‍ കണ്ടതിനു പിന്നാലെ ഭര്‍ത്താവ് ആറ്റില്‍ ചാടി ജീവനൊടുക്കിയ നിലയില്‍. കോന്നി അട്ടച്ചാക്കല്‍ മണിയന്‍പാറ മുട്ടത്തു വടക്കേതില്‍ ഗണനാഥന് (67) രണ്ടാം ഭാര്യ രമണി (58) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെ വീട്ടില്‍നിന്നു പുറത്തിറങ്ങി വന്ന ഗണനാഥന് അയല്‍വാസികളോടു ഭാര്യ മരിച്ചതായി പറയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയവര്‍ വീടിനുള്ളില്‍ രമണിയെ മരിച്ചനിലയില്‍ കണ്ടെത്തി.
ഇതിനിടെ, ഗണനാഥനെ കാണാതായി. തുടര്‍ന്ന് നാട്ടുകാര്‍ തെരയുന്നതിനിടെ പതിനൊന്നോടെ അച്ചന്‍കോവിലാറ്റില്‍ കാവുംപുറത്തു കടവില്‍ മൃതദേഹം കണ്ടെത്തി. കഴുത്തില്‍ മുറിവേറ്റ നിലയിലായിരുന്നു. രമണിയുടെ മൃതദേഹത്തിനു സമീപം രക്തം കണ്ടതു കൊലപാതകമാണോയെന്ന സംശയം ഉയർത്തിയിരുന്നു.
എന്നാല്‍, രമണിയുടെ മൃതദേഹത്തില്‍ മുറിവേറ്റ പാടുകള്‍ ഇല്ലെന്നും മരണകാരണം പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ പറയാനാകൂയെന്നും പോലീസ് പറഞ്ഞു. രമണിയുടെ മരണത്തെത്തുടര്‍ന്നു കഴുത്ത് അറുത്തു മരിക്കാന്‍ ശ്രമിച്ച ഗണനാഥന് പിന്നീട് ആറ്റില്‍ ചാടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രമണിക്കു നേരത്തെ പല രോഗങ്ങളും ഉണ്ടായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍, അടൂര്‍ ഡിവൈഎസ്പി ആര്. ബിനു, കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മേല്‍ നടപടി സ്വീകരിച്ചു. മൃതദേഹങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തിയിരുന്നു.