മുംബൈ: ചൈനീസ് ആപ്പുകൾക്ക് ഇന്ത്യയിൽ പ്രവർത്തന വിലക്കേർപ്പെടുത്താൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടാതായുള്ള സന്ദേശം വ്യാജമാണെന്ന് അധികൃതർ. ഇത്തരത്തിലുള്ള ഒരു നിർദേശവും ഉത്തരവും ഇതുവരെ നൽകിയിട്ടില്ലെന്നു കേന്ദ്ര ഐടി മന്ത്രാലയം അറിയിച്ചു.
അതിർത്തിയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ചൈനീസ് ആപ്പുകൾക്കും ഗെയിമുകൾക്കും ഇന്ത്യയിൽ നിരോധനമേർപ്പെടുത്തണമെന്നു ഗൂഗിളിനോടും ആപ്പിളിനോടും കേന്ദ്ര ഐടി മന്ത്രാലയം ആവശ്യപ്പെട്ടതായുള്ള സന്ദേശം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ടിക് ടോക്, വിമേറ്റ്, വിഗോ, ബിഗോ ലൈവ്, ആപ്ലോക്ക് തുടങ്ങിയ ആപ്ലിക്കേഷനുകളും മൊബൈൽ ലെജന്റ്സ്, ക്ലാഷ് ഓഫ് കിംഗ്സ്, ഗെയിൽ ഓഫ് സുൽത്താൻസ് തുടങ്ങിയ ഗെയിമുകളും വ്യാജസന്ദേശത്തിലെ നിരോധന പട്ടികയിൽപ്പെടുന്നു.
അതേസമയം, സമൂഹമാധ്യമങ്ങളിൽ ചൈനാവിരുദ്ധ പ്രചാരണങ്ങളും പോസ്റ്റുകളും വ്യാപകമാവുകയാണ്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹാഷ്ടാഗ് പ്രചാരണങ്ങളും സജീവമാണ്.