അങ്കമാലി: ജനിച്ചതു പെൺകുഞ്ഞായതിന്റെ പേരിൽ 54 ദിവസം മാത്രം പ്രായമുള്ള മകളെ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ.
അങ്കമാലി ജോസ്പുരം ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ സ്വദേശി ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. കുട്ടി തന്റേതല്ലെന്ന സംശയവും ഇയാളെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചെന്നു പോലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ നാലിനായിരുന്നു സംഭവം. കിടപ്പുമുറിയിൽ വച്ചാണ് ഇയാൾ കുഞ്ഞിനെ ക്രൂരമായി ആക്രമിച്ചത്. ഭാര്യയുടെ കൈയിൽനിന്നു കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി കൈകൊണ്ടു രണ്ടുതവണ കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്ക് വലിച്ചെറിയുകയും ചെയ്തു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവവും വെള്ളക്കെട്ടുമുണ്ട്. കാലുകളിൽ ചതവുണ്ട്.
ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാൾ സ്വദേശിയായ യുവതിയും ഷൈജുവും തമ്മിൽ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമേ ആയിട്ടുള്ളു. നേപ്പാളിലായിരുന്നു ഇവരുടെ വിവാഹം. ചെങ്ങമനാട് എസ്എച്ച്ഒ ടി.കെ. ജോസിയുടെ നേതൃതത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.