തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. തൃശൂരിൽ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക പങ്കെടുത്ത യോഗത്തിൽ മന്ത്രിയും ഉണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് മന്ത്രി ഞായറാഴ്ച രാത്രി മുതൽ സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്.
മന്ത്രിയുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മേയ് 15ന് തൃശൂർ കോർപറേഷൻ ഓഫീസിലായിരുന്നു യോഗം ചേർന്നത്.
ഈ യോഗത്തിൽ പങ്കെടുത്ത കോർപറേഷനിലെ ആരോഗ്യവിഭാഗം ഉയർന്ന ഉദ്യോഗസ്ഥയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ ക്വാറന്റീനിൽ പ്രവേശിച്ചത്.
തന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്റീനിൽ പ്രവേശിച്ചു. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ ബോർഡ് നൽകുന്ന നിർദേശം അനുസരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.