തിരുവനന്തപുരം: തോട്ടങ്ങളുടെ അടിസ്ഥാന സ്വഭാവം നിലനിർത്തിക്കൊണ്ട് ഫലവൃക്ഷങ്ങൾ കൃഷി ചെയ്യാൻ അനുവദിക്കുന്നതിന് ബന്ധപ്പെട്ട നിയമത്തിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഇതൊരു നയപരമായ പ്രശ്നമാണ്. എൽഡിഎഫ് കൂടി ചർച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതുണ്ട്. ഈ മാറ്റം വരുത്തിയാൽ കാർഷിക മേഖലയിൽ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കാർഷികോല്പാദനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സർക്കാർ നടപ്പാക്കുന്ന “സുഭിക്ഷകേരളം’ പദ്ധതിയിൽ തോട്ടം മേഖലക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. സംസ്ഥാനത്ത് കൃഷിയോടുള്ള താല്പര്യം വർധിച്ചുവരികയാണ്.
കാർഷിക സംസ്കാരത്തിന്റെ തിരിച്ചുവരവാണിത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത് ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യാനാണ് സുഭിക്ഷകേരളം ആവിഷ്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഉല്പാദനം വർധിക്കുമ്പോൾ വിപണി വിപുലമാക്കണം. ഇതിനായി ശാസ്ത്രീയമായ വിപണന സംവിധാനം ഏർപ്പെടുത്തും. ഓൺലൈൻ മാർക്കറ്റിംഗ് പരമാവധി പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.