കോട്ടയം: ശബരി വിമാനത്താവളം ആദ്യഘട്ടം നടപടികൾ പൂർത്തിയാകേണ്ടതു കേന്ദ്രസർക്കാരിൽനിന്ന്. വ്യോമയാനം, പരിസ്ഥിതി, വനം മന്ത്രാലയങ്ങളുടെ ക്ലിയറൻസ് ലഭിക്കാൻ മാസങ്ങൾ നീണ്ട പരിശോധന വേണം – എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ ആൽബി തോമസ് കുന്നപ്പള്ളി ദീപികയോടു പറഞ്ഞു.
ചെറുള്ളി എസ്റ്റേറ്റിൽ മാത്രമല്ല സമീപ പ്രദേശങ്ങളിലും പരിശോധനകൾ വേണ്ടിവരും. വിമാനത്താവളം നിർമിക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമേ എല്ലാ ജോലികളും തുടങ്ങാനാവൂ.
കാറ്റിന്റെ വേഗം മുതൽ
ഭൂമിയുടെ നില, കുന്നുകൾ, സമീപത്തെ ഉയർന്ന കെട്ടിടങ്ങൾ, കാറ്റിന്റെ വേഗം, മഴയുടെ ശരാശരി അളവ് തുടങ്ങിയവ പരിസ്ഥിതി മന്ത്രാലയം പഠനവിഷയമാക്കും. ചെറുവിമാനങ്ങളും ഹെലികോപ്ടറുകളും പലതവണ പറത്തി കാറ്റിന്റെ വേഗവും ആകാശപാതയുടെ ദിക്കുകളും പരിശോധിക്കും. ഇതിനൊപ്പം നൂതന യന്ത്രങ്ങളും പ്രയോജനപ്പെടുത്തും.
ഗോവ കൊങ്കണ്‍ മുതൽ പശ്ചിമഘട്ടത്തിൽ മഴക്കാലത്ത് ഉൾപ്പെടെ മേഘപാളികളുടെയും മഴയുടെയും കാറ്റിന്റെയും ചൂടിന്റെയും ലഭ്യത പൊതുവേയും കോട്ടയം, പത്തനംതിട്ട ജില്ലകളിലെ താപനില, മഴ തുടങ്ങിയ ശാസ്ത്രീയമായും പരിസ്ഥിതി വിദഗ്ധർ പഠിക്കും.
വിമാനത്താവളത്തിലെ റണ്‍വേ അലൈൻമെന്റ് പൂർണമായി കാറ്റിന്റെ ഗതിയെ ആശ്രയിച്ചിരിക്കും. പ്രത്യേകിച്ചും കിഴക്കു ദിക്കിൽനിന്നു ലഭിക്കുന്ന കാറ്റാണ് ടേക്ക് ഓഫിനും പറക്കലിനും വിമാനങ്ങൾക്കു സഹായകരമാകുന്നത്. മൂംബൈ, പൂന, മംഗലാപുരം, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ഗൾഫ് സെക്ടർ വിമാനങ്ങൾ പറത്തുന്ന ആൽബി പറഞ്ഞു.
കിഴക്ക് – പടിഞ്ഞാറ് റൺവേ
പശ്ചിമഘട്ടത്തോടു ചേർന്നു കാറ്റിന്റെ ഗതി കിഴക്ക് പടിഞ്ഞാറ് ദിശയിലായതിനാൽ എരുമേലിയിലും റണ്‍വേ കിഴക്ക്- പടിഞ്ഞാറ് ദിശയിൽ നിർമിക്കാനാണ് സാധ്യത. കേരളത്തിൽ തിരുവനനന്തപുരത്തു മാത്രമാണ് വടക്ക് – തെക്ക് ദിശയിൽ റണ്‍വേയുള്ളത്.
എയർപോർട്ട് ടെർമിനൽ റണ്‍വേയ്ക്കു മധ്യത്തിലായിരിക്കണം. മൂന്നേകാൽ കിലോമീറ്ററോളമാണ് വലിയ വിമാനത്താവളങ്ങൾക്കു വേണ്ട റണ്‍വേയുടെ ദൂരം. കാലാവസ്ഥ അനുസരിച്ച് ഓരോ ദിവസവും ടേക്ക് ഓഫിനു റണ്‍വേയിൽ വേഗം വ്യത്യസ്തമായിരിക്കും.ശരാശരി 250 കിലോമീറ്റർവരെയാണ് ഫ്ളൈറ്റുകളുടെ ടേക്ക് ഓഫ് വേഗം.
മിനിമം ഒരു മീറ്റർ ആഴത്തിൽ കോണ്‍ക്രീറ്റ് ചെയ്ത് അതിന്റെ പ്രതലത്തിലാണ് റണ്‍വേ നിർമിക്കുക. റണ്‍വേയിൽ വെള്ളം കെട്ടിനിൽക്കാതെ മഴവെള്ളവും ഉറവയും സുരക്ഷിതമായി കടത്തിവിടാൻ ഓടകളുടെ സംവിധാനം വേണം.
ഭൂഗർഭ ജലസാധ്യത ഈ സാഹചര്യത്തിൽ ജിയോളജിക്കൽ വിദഗ്ധർ പ്രത്യേകം പഠിക്കും. പ്രദേശം നദീതടമാണോ എന്നു പരിസ്ഥിതിപഠനം വേണ്ടിവരും. കോച്ചി വിമാനത്താവളം പ്രത്യേക സാഹചര്യത്തിൽ നദീതടത്തിലാണു പണിതിരിക്കുന്നത്.
ആഭ്യന്തര സർവീസ്
കൊച്ചിയിൽനിന്നു ചെറിയ വ്യോമദൂരമുള്ള എരുമേലിയിൽ എയർപോർട്ട് വരുന്പോൾ തുടക്കത്തിൽ ആഭ്യന്തര വിമാന സർവീസിനാണ് സാധ്യത. തിരക്ക് വർധിക്കുന്പോൾ വിദേശ വിമാന സർവീസുകളും തുടങ്ങും.
മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തു പൂനയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് അനുമതി ലഭിച്ചതു തിരക്കും പ്രാധാന്യവും പരിഗണിച്ചാണ്.
ചെറുവള്ളി ഭൂപ്രദേശം വിലയിരുത്തിയാൽ എരുമേലി ശബരി വിമാനത്താവളം സുതാര്യമായ ഭൂപ്രദേശമായിരിക്കുമെന്നു കരുതാം. ഘടകങ്ങൾ അനുകൂലമായാൽ മൂന്നോ നാലോ വർഷങ്ങൾക്കുള്ളിൽ വിമാനത്താവളം പണിതു ട്രെയൽ ലാൻഡിംഗും ടേക്ക് ഓഫും നടത്താനാകുമെന്നു പ്രത്യാശിക്കാം – കാഞ്ഞിരപ്പള്ളി സ്വദേശിയായ ക്യാപ്റ്റൻ ആൽബി തോമസ് കുന്നപ്പള്ളി പറഞ്ഞു.
റെജി ജോസഫ്