അങ്കമാലി: അങ്കമാലിയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഷൈജു തോമസിനെ (40) ക്കുറിച്ച് പുറത്തു വരുന്നത് ക്രൂരമായ കഥകൾ.
ഭൂരിഭാഗം ദിവസങ്ങളിലും മദ്യപിച്ചെത്തി കുടുംബാംഗങ്ങളെ മർദിക്കുന്നത് പതിവാണെന്നും എന്നാൽ കൃത്യം നടത്തിയ ദിവസം ഷൈജു മദ്യപിച്ചിരുന്നില്ലെന്നും കുഞ്ഞിന്റെ അമ്മ പറഞ്ഞു.
ഫേസ്ബുക്കിലൂടെയായിരുന്നു ഷൈജുവുമായി നേപ്പാൾ സ്വദേശിനിയായ യുവതി പരിചയപ്പെട്ടത്. തുടർന്ന് നേപ്പാളിൽ വച്ച് വിവാഹവും നടത്തി. വിവാഹ ശേഷമാണ് ഷൈജുവിന്റെ കുടുംബാംഗങ്ങളോടൊപ്പം അങ്കമാലി പാലിയേക്കരയിൽ വാടകയ്ക്ക് താമസം തുടങ്ങിയത്.
പറയത്തക്ക ജോലിയൊന്നും ഇയാൾക്കില്ലായിരുന്നു. ദിവസവും മദ്യപിച്ചെത്തി ഭാര്യയേയും സഹോദരിയേയും മർദിക്കുന്നത് ഷൈജു പതിവാക്കിയിരുന്നു. ഭാര്യ ഗർഭിണിയായപ്പോൾ മുതൽ സംശയരോഗവും തുടങ്ങി.
ഭാര്യയെ മർദിക്കുന്നത് തടയാൻ ശ്രമിക്കുന്പോഴാണ് ഷൈജു അമ്മയേയും സഹോദരിയേയും ആക്രമിച്ചിരുന്നത്. പ്രസവശേഷം മർദനം തുടർന്ന ഷൈജു രാത്രി കുഞ്ഞു കരയുമ്പോൾ കുഞ്ഞിനേയും പല തവണ മർദിച്ചിട്ടുണ്ട്.
കഴിഞ്ഞ 18ന് പുലർച്ചെ കുഞ്ഞ് വീണ്ടും കരഞ്ഞപ്പോൾ ക്രൂരമായി കുഞ്ഞിനെ മർദിക്കുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങൾ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് കട്ടിലിൽനിന്ന് വീണു എന്നായിരുന്നു ആശുപത്രിയിൽ ഷൈജു പറഞ്ഞത്.