പത്തനംതിട്ട: കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടുമ്പോഴും സ്രവ പരിശോധനാഫലങ്ങള്‍ വൈകുന്നു. ഇന്നലെ വൈകുന്നേരം വരെ ജില്ലയില്‍ 1,099 സ്രവങ്ങളുടെ പരിശോധനാഫലങ്ങള്‍ ലഭിക്കാനുണ്ട്.
ഫലങ്ങള്‍ വൈകുന്തോറും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു തടസമാണ്. ക്വാറന്റൈനില്‍ 14 ദിവസം പൂര്‍ത്തീകരിച്ചവരില്‍ പലരും പരിശോധനാ ഫലം വരുന്നതിനു മുമ്പേ പുറത്തിറങ്ങുന്നുണ്ട്.
പരിശോധനയ്ക്കായി സ്രവം നല്കിയിട്ടുള്ളവരും ഫലം വൈകുന്നതോടെ പുറത്തിറങ്ങാനും മറ്റുള്ളവരുമായി സമ്പര്ക്കത്തിലാകാനുമൊക്കെ സാധ്യതയേറെയാണ്. ഇത്തരം പരാതികള്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നുപോലും ഉണ്ടായി.
ഇന്നലെ 239 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയില്‍ നിന്നും 12,443 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ഇന്നലെ എട്ട് സാമ്പിളുകള്‍ പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തതു കൂടാതെ 17 സാമ്പിളുകളാണ് നെഗറ്റീവായി ലഭിച്ചത്.
പ്രതിദിന പരിശോധനയില്‍ ശരാശരി 200 സാമ്പിളുകള്‍ ജില്ലയില്‍ നിന്നു ശേഖരിച്ച് വിടുന്നുണ്ടെങ്കിലും ആനുപാതികമായി ഫലം ലഭിക്കുന്നില്ല. പല ദിവസങ്ങളിലും അമ്പതില്‍ താഴെ ഫലങ്ങള്‍ മാത്രമേ ലഭിക്കുന്നുള്ളൂ.
തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലാണ് നിലവില്‍ പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള സ്രവപരിശോധന നടത്തുന്നത്. നിരീക്ഷണത്തിലിരിക്കുന്നവരുടെയും ആശുപത്രി ഐസൊലേഷനിലാകുന്നവരുടെയും സ്രവങ്ങളാണ് മുന്‍ഗണന നല്കി ശേഖരിച്ച് അയയ്ക്കുന്നത്.
സമ്പര്ക്കപ്പട്ടികിയിലുള്പ്പെടുന്നവരുടേതടക്കം പ്രാധാന്യം നല്കി അയയ്ക്കുമ്പോള്‍ അതിന്റെ പരിശോധനയും വൈകുകയാണ്. കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ച മല്ലപ്പുഴശേരിയിലെ ആരോഗ്യപ്രവര്‍ത്തകയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഫലം പോലും ഇന്നലെവരെ ലഭിച്ചില്ല.
ഇവരില്‍ ചിലര്‍ ഐസൊലേഷനിലുമുണ്ട്. തെക്കന്‍ ജില്ലകളില്‍ ഏറ്റവും കൂടുതല്‍ പരിശോധന നടക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. ഇക്കാരണം കൊണ്ടും ഫലം വൈകിപ്പിക്കുന്നുണ്ടെന്ന് പറയുന്നു.
നേരത്തെ ആലപ്പുഴ വൈറോളജി ലാബിലാണ് പത്തനംതിട്ടയില്‍ നിന്നുള്ളവരുടെ സ്രവപരിശോധന നടത്തിയിരുന്നത്. രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ ഇതു ലഭ്യമാകുകയും ചെയ്തിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ പരിശോധന ഇപ്പോള്‍ തിരുവനന്തപുരത്തു മാത്രമാക്കിയിരിക്കുകയാണ്.