ന്യൂഡൽഹി: ഇന്ത്യൻ മേഖലകളെ ഉൾപ്പെടുത്തി പുതിയ ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ വീണ്ടും പ്രകോപനവുമായി നേപ്പാൾ. ഗണ്ഡക് അണക്കെട്ടിന്റെ അറ്റകുറ്റപ്പണി നേപ്പാൾ പോലീസ് തടഞ്ഞു. ഇതോടെ ബിഹാർ വെള്ളപ്പൊക്ക ഭീഷണിയിലായി.
വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ കണ്ട് അണക്കെട്ടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിവന്നിരുന്ന അറ്റകുറ്റപ്പണികളാണ് നേപ്പാള്‍ പോലീസ് തടഞ്ഞത്. ആദ്യമായിട്ടാണ് ഇത്തരമൊരു സംഭവമെന്നും ബിഹാര്‍ ജലവിഭവ വകുപ്പ് മന്ത്രി സഞ്ജയ് ഝാ പറഞ്ഞു.
ഗണ്ഡക് അണക്കെട്ടിന്റെ 36 ഗെയ്റ്റുകളില്‍ 18 എണ്ണം നേപ്പാളിലാണുള്ളത്. അറ്റകുറ്റപ്പണി നടത്താതിരുന്നാല്‍ കനത്ത മഴയില്‍ ഗണ്ഡക് നദിയിലെ ജലനിരപ്പ് ഉയരുകയും ഗുരതരമായ പ്രത്യാഘാതങ്ങളുണ്ടാകുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയത്തിൽ അടിയന്തരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ടെന്നും സഞ്ജയ് വ്യക്തമാക്കി.