കോട്ടയം: മണിമലയാറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടികളെ രക്ഷപെടുത്തി. മുണ്ടക്കയം വെള്ളനാടി വള്ളക്കടവ് പാലത്തിൽ നിന്നാണ് രണ്ടു പെണ്‍കുട്ടികൾ ആറ്റിൽ ചാടിയത്.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. കോരുത്തോട് മടുക്ക സ്വദേശിനികളായ കൗമാരക്കാരികളാണ് ആറ്റിൽ ചാടിയത്. സംഭവം കണ്ട് സ്ഥലത്തെത്തിയ എസ്റ്റേറ്റിലെ ട്രാക്ടർ ഡ്രൈവറായ ചെറുവള്ളിയിൽ മുരളി കൈതത്തൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ കുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു.
തുടർന്ന് മുണ്ടക്കയം പോലീസെത്തി വിദ്യാർഥികളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഫോണിൽ ഫോട്ടോയെടുത്തതിന് മാതാപിതാക്കൾ വഴക്കു പറഞ്ഞതിൽ മനംനൊന്താണ് പെണ്‍കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് പ്രാഥമിക വിവരം. പാലത്തിൽ നിന്ന് ചാടുന്നതിനു മുന്‍പ് ഇരുവരും വിഷം കഴിച്ചിരുന്നതായി പോലീസ് പറഞ്ഞു.