മംഗലംഡാം: ആസൂത്രണത്തിലെ പിഴവുകൾമൂലം മംഗലംഡാം ടൂറിസം വികസനപദ്ധതികൾ വഴി നഷ്ടമാകുന്നത് ലക്ഷങ്ങൾ. ആറുവർഷംമുന്പ് പത്തുലക്ഷം രൂപ ചെലഴിച്ച് സ്ഥാപിച്ച കുട്ടികളുടെ പാർക്ക് ഇപ്പോൾ മാറ്റി ഡാം സൈറ്റിനോട് ചേർന്നാണ് പുനർനിർമിക്കുന്നത്.
ഇറിഗേഷൻ കെട്ടിടത്തിലെ പഴയ പോലീസ് സ്റ്റേഷനടുത്താണ് നിലവിൽ കുട്ടികളുടെ പാർക്ക് ഉള്ളത്. ഇതാണ് മാറ്റി സ്ഥാപിക്കുന്നത്. കളി ഉപകരണങ്ങളെല്ലാം സംരക്ഷിക്കാതെ കുറെയെല്ലാം പ്രവർത്തിക്കാതായി.
ഇനി ഇതെല്ലാം പ്രവർത്തനക്ഷമമാക്കാൻ വലിയ തുക ചെലവഴിക്കണം. പ്രവേശനകവാടത്തിന്റെ വലിയ ഗെയ്റ്റിനടുത്തുണ്ടായിരുന്ന ടിക്കറ്റ് കൗണ്ടർ മാറ്റി മഴമാപിനിക്കടുത്തേക്ക് മാറ്റി നിർമിച്ചു. ഇതിനടുത്താണ് വാഹന പാർക്കിംഗിന് സ്ഥലം ഒരുക്കിയിട്ടുള്ളത്.
നേരത്തെ കരിങ്കയം എർത്ത് ഡാം ഭാഗത്താണ് ടൈൽസ് വിരിച്ച് വാഹന പാർക്കിംഗ് ഒരുക്കിയിരുന്നത്. ഈ സ്ഥലം ഇപ്പോൾ സമീപവാസികൾ വിറക് സൂക്ഷിക്കുന്നതിനും മറ്റുമായി ഉപയോഗിക്കുകയാണ്.
കാള പാർക്കിനടുത്ത് ഡാം ഇരുന്നുകണ്ട് ആസ്വദിക്കുന്നതിനായി നിർമിച്ചിരുന്ന ഇരിപ്പിട ഗാലറികളെല്ലാം പൊളിച്ചുമാറ്റി. ഇത്തരത്തിൽ പണംമുടക്കി സ്ഥാപിച്ചിരുന്നവയെല്ലാം മാറ്റി പുനർനിർമിക്കുന്ന പണികളാണ് ടൂറിസം വികസനത്തിന്റെ പേരിൽ ഡാമിൽ തകൃതിയായി നടക്കുന്നത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ 2011 ൽ അനുവദിച്ച 462 ലക്ഷം രൂപയുടെ ടൂറിസംപദ്ധതിയിൽ നിർമിച്ചതായിരുന്നു കുട്ടികളുടെ പാർക്കും മുന്നിലെ ടിക്കറ്റ് കൗണ്ടറും എർത്ത് ഡാം സൈറ്റിലെ വാഹന പാർക്കിംഗ് ഗ്രൗണ്ടുമെല്ലാം.
എന്നാൽ സംരക്ഷണമില്ലാതെ എല്ലാം നശിച്ചപ്പോൾ 2018 മാർച്ചിൽ വീണ്ടും 476 ലക്ഷം രൂപയുടെ ടൂറിസം വികസനപദ്ധതികൾ കൊണ്ടുവന്നു. ഇതിന്റെ പ്രവൃത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്.
ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞ് 2018 മാർച്ച് 31ന് ടൂറിസം മന്ത്രി ഡാമിലെത്തി നിർമാണോദ്ഘാടനം നടത്തിയ പദ്ധതിയാണ് ഇപ്പോഴും ഇഴയുന്നത്.