കോട്ടയം: വാക്കുതർക്കത്തെതുടർന്ന് അയൽവാസിയുടെ പെരുവിരൽ വെട്ടാൻ ശ്രമിച്ചയാളെ കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. പയ്യപ്പാടി സ്വദേശിയായ തങ്കച്ചനാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
ഇയാളുടെ സമീപവാസിയായ ഐപ്പിന്റെ വലതു കയ്യിലെ പെരുവിരലാണ് വെട്ടാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയിൽ കോട്ടയം പയ്യപ്പാടിയിലാണ് സംഭവം. അയൽവാസികളായ തങ്കച്ചനും ഐപ്പും തമ്മിൽ വാക്കു തർക്കമുണ്ടാവുകയായിരുന്നു.
തുടർന്നുണ്ടായ ആക്രമണത്തിൽ തങ്കച്ചൻ വാക്കത്തിയെടുത്ത് ഐപ്പിന്റെ വിരൽവെട്ടാൻ ശ്രമിക്കുകയായിരുന്നുവെന്ന് കോട്ടയം ഈസ്റ്റ് പോലീസ് പറഞ്ഞു.
തുടർന്നു സ്ഥലത്തെത്തിയ കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. ഐപ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.