സ്വന്തം ലേഖകൻ
തൃശൂർ: കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസുടമകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെങ്കിലും എല്ലാകാര്യങ്ങളും ഗതാഗതമന്ത്രിയോടു പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹത്തെ കണ്ടാൽ മതിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഒരു മിനുറ്റിൽ താഴെ സമയം മാത്രമാണ് ബസുടമകൾക്ക് മുഖ്യമന്ത്രിയോടു സംസാരിക്കാൻ സാധിച്ചത്.
ഡീസൽ വില കുറയ്ക്കാൻ ബസുടമകളുടെ ധർണ
തൃശൂർ: ഡീസൽ വില വർധനയിൽ പ്രതിഷേധിച്ചും വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടും ബസുടമകൾ തൃശൂർ ജില്ലയിലെ 15 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തി.
തൃശൂർ ഏജീസ് ഓഫീസ്, വടക്കാഞ്ചേരി, കുന്നംകുളം, ചാവക്കാട്, ചാലക്കുടി, ഗുരുവായൂർ, മാള ബസ് സ്റ്റാൻഡുകൾ, ഇരിങ്ങാലക്കുട, പട്ടിക്കാട്, കാഞ്ഞാണി, കൊടുങ്ങല്ലൂർ, തൃപ്രയാർ കിഴക്കേനട, ആന്പല്ലൂർ അളഗപ്പനഗർ പോസ്റ്റോഫീസുകൾ, ചേലക്കര സെന്റർ, കൊടകര ഹൈവേ ജംഗ്ഷൻ എന്നിവിടങ്ങളിലാണു പ്രതിഷേധ ധർണ നടത്തിയത്.
ഇന്ധനവില ബസുടമകൾ പ്രതികരിക്കുന്നു
ജോസ് കുഴുപ്പിൽ
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി
ഈ നിലയിൽ ഇന്ധനവില കുതിക്കുന്നത് തുടർന്നാൽ വരും ദിവസങ്ങളിൽ ബസ് സർവീസുകൾ പകുതിയായി കുറയും. വർധിപ്പിക്കുമെന്ന് കരുതുന്ന ബസ് ചാർജ് കൊണ്ടൊന്നും ഡീസൽവില വർധനവിന്റെ ആഘാതം മറികടക്കാനാവില്ല.
വിദ്യാർഥികളുടെ കണ്സഷൻ നിരക്കും വർധിപ്പിക്കണമെന്ന ആവശ്യം ബസുടമകൾ ആവർത്തിക്കുന്നുണ്ട്. ഡീസലിന് എട്ടുരൂപയോളം ഈ പതിനാറു ദിവസങ്ങളിൽ വർധിച്ചപ്പോൾ വലിയ സാന്പത്തിക ബാധ്യതയാണ് എല്ലാ ബസുടമകൾക്കുമുണ്ടായത്. വരുമാനം കുറവും ചിലവ് കൂടുതലുമാണ് ഇപ്പോൾ.
യാത്രക്കാർ കയറാത്തതും ഡീസൽവിലവർധനവും കനത്ത തിരിച്ചടിയാണ്. സമരങ്ങൾ കൊണ്ട് കാര്യമില്ലാത്ത ഈ സാഹചര്യത്തിൽ ബസുകൾ സർവീസ് നിർത്തി കയറ്റിയിടുക മാത്രമേ നിവൃത്തിയുള്ളു.
എങ്കിലും കാളവണ്ടി വലിച്ചും ടയറുരുട്ടിയുമൊക്കെ പ്രതിഷേധിക്കുന്നുണ്ട്.
ആന്റോ ഫ്രാൻസിസ്
ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി
ഇന്ധനവില ഓരോ ദിവസവും കൂടുന്പോൾ സ്വകാര്യ ബസ് വ്യവസായി കൂടുതൽ കൂടുതൽ പ്രതിസന്ധിയിലേക്കാണ് പോകുന്നത്. ഓരോ ദിവസത്തേയും ചിലവും വരവും തമ്മിൽ വലിയ അന്തരമാണ്. ഒരു തരത്തിലും ഇവ രണ്ടും ഒത്തുപോകാത്ത സ്ഥിതിയാണ്. സർക്കാർ ചാർജ് വർധിപ്പിക്കുമെന്ന് പറയുന്നുണ്ട്.
രാമചന്ദ്രൻ കമ്മീഷൻ റിപോർട്ട് സമർപിച്ച ശേഷമേ അതുണ്ടാകൂ. മിനിമം ചാർജ് പന്ത്രണ്ടാക്കിയാൽ പോലും വർധിക്കുന്ന ഡീസൽവിലയുമായി ഒത്തുപോകില്ല. എന്നാൽ പന്ത്രണ്ടു രൂപയെങ്കിലും കിട്ടിയാൽ മാത്രമേ പിടിച്ചുനിൽക്കാൻ ഇപ്പോഴത്തെ സ്ഥിതിയിൽ സാധിക്കുകയുള്ളു.
എം.എസ്.പ്രേംകുമാർ
തൃശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്
കൊറോണ വൈറസ് വ്യാപനം ഭയന്ന് യാത്രക്കാർ ബസ് യാത്ര ഒഴിവാക്കുകയാണ്. യാത്രക്കാരില്ലാതെ ബസ് സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയിലാണു ബസുടമകൾ.
ഇങ്ങനെ ദുരിതമനുഭവിക്കുന്പോൾ അനുദിനം ഇന്ധനവില വർധിപ്പിക്കുകയാണ്. പതിനെട്ടാം ദിവസത്തിലേക്കാണ് ഇന്ധനവില കുതിക്കുന്നത്. ബസുകൾ കയറ്റിയിടുകയല്ലാതെ മുന്നിൽ മറ്റു മാർഗങ്ങളില്ല.