കോട്ടയം: പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് കത്തോലിക്കാ പള്ളി വികാരി ഫാ. ജോർജ് എട്ടുപറയിലിനെ (സോണി, 51) പള്ളിവക കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയർക്കുന്നം പോലീസ് അന്വേഷണം ആരംഭിച്ചു.
മരണത്തിൽ ദുരൂഹതയില്ലെന്നും മാനസിക പിരിമുറുക്കം ഇദ്ദേഹത്തെ അലട്ടിയിരുന്നുവെന്നുമുള്ള പ്രാഥമിക നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഫാ. ജോർജിനു മാനസിക പിരിമുറുക്കം ഉണ്ടാകാനുള്ള കാര്യങ്ങളെക്കുറിച്ചാണു പോലീസ് ആദ്യഘട്ടത്തിൽ അന്വേഷിക്കുന്നത്.
നിരവധി പേരിൽ നിന്നു പോലീസ് ഇദ്ദേഹവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ചോദിച്ചറിയും. എത്രയും വേഗം അന്വേഷണം പുർത്തിയാക്കാനാണ് അയർക്കുന്നം പോലീസ് തീരുമാനിച്ചിരിക്കുന്നത്.
മൃതദേഹത്തിന്റെ ഉള്ളിലെ വെള്ളവും കിണറ്റിലെ വെള്ളവും ഒന്നു തന്നെയാണോയെന്ന് അറിയാൻ വെള്ളം പരിശോധനയ്ക്കു അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
വെള്ളം ഉള്ളിൽ ചെന്നാണു മരണം സംഭവിച്ചതെന്നും വീഴ്ചയിൽ തലയ്ക്കും കഴുത്തിനും നേരിയ പരിക്കുണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തിയ കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
കഴുത്തിനും കൈയ്ക്കും ചെറിയ മുറിവാണുള്ളത്. ഇതു കിണറ്റിലേക്കു വീണപ്പോഴുണ്ടായതാവാമെന്നും സംശയിക്കുന്നു. ഞായറാഴ്ച വൈകുന്നേരമായിട്ടും ഫാ. ജോർജിനെ പള്ളിമുറിയിൽ കാണാതെ വന്നതിനെത്തുടർന്ന് അയർക്കുന്നം പോലീസും ഇടവകാംഗങ്ങളും ചങ്ങനാശേരി അതിരൂപതാ പ്രതിനിധികളും നടത്തിവന്ന അന്വേഷണത്തിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ഫാ. ജോർജ് ഇടവകയിലെ സന്യാസമഠത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. തുടർന്ന് അസിസ്റ്റന്റ് വികാരി ഫാ. തോമസ് തുരുത്തുമാലിക്കൊപ്പമാണു പള്ളിമുറിയിൽ പ്രഭാതഭക്ഷണം കഴിച്ചത്. പത്തോടെ ഫാ. തോമസ് തുരുത്തുമാലി മതബോധന അധ്യാപകർക്കൊപ്പം സണ്ഡേസ്കൂൾ പാഠപുസ്തകങ്ങളുടെ വിതരണത്തിനു പോയി.
ഉച്ചയോടെ തിരികെ വന്ന ഫാ. തോമസ്, വൈകുന്നേരമായിട്ടും ഫാ. ജോർജിനെ കാണാതെ വന്നസാഹചര്യത്തിൽ ട്രസ്റ്റിമാരെയും മറ്റ് പ്രതിനിധികളെയും അറിയിച്ചു. ഇവർ നടത്തിയ അന്വേഷണത്തിൽ വിവരം ലഭിക്കാതെ വന്നപ്പോൾ അതിരൂപതാ കേന്ദ്രത്തിലും അയർക്കുന്നം പോലീസിലും വിവരം അറിയിക്കുകയായിരുന്നു.
പരിശോധനയിൽ ഫാ. ജോർജ് എട്ടുപറയുടെ മൊബൈൽ ഫോണ് മുറിയിൽനിന്നു കണ്ടെത്തി. പള്ളിമുറിയിൽ വികാരിയുടെ നിയന്ത്രണത്തിലുള്ള സിസിടിവി ഞായറാഴ്ച രാവിലെ 11 മണിയോടെ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നു കണ്ടെത്തുകയും ചെയ്തു.
മങ്കൊന്പ് എട്ടുപറയിൽ പരേതനായ സെബാസ്റ്റ്യന്റെ മകനാണ് ഫാ. ജോർജ്. അമ്മ: മേരിക്കുട്ടി നെടുങ്കുന്നം പുള്ളോംപറന്പ് കോശിഭവൻ കുടുബാംഗം. സഹോദരങ്ങൾ: ചാക്കോച്ചൻ, ടോമിച്ചൻ, ജോസ്കുഞ്ഞ്, ലൈസാമ്മ, ലിസാമ്മ, ആൻസമ്മ, സിസ്റ്റർ എൽസാ മേരി.
1996 ജനുവരി നാലിന് പൗരോഹിത്യം സ്വീകരിച്ച ഫാ. ജോർജ് ചങ്ങനാശേരി, എടത്വ, മക്കന്നൂർ, ചെങ്കുളം, പാന്പാടി, തകഴി, അരുവിക്കുഴി, മണ്ണഞ്ചേരി, കായൽപുറം, വെട്ടിമുകൾ പള്ളികളിലെ സേവനത്തിനുശേഷം 2015 മുതൽ അമേരിക്കയിലെ ചിക്കാഗോ രൂപതയിൽ ശുശ്രൂഷചെയ്തു.
മടങ്ങിയെത്തിയശേഷമാണു പുന്നത്തുറയിൽ വികാരിയായി ചുമതലയേറ്റത്. മങ്കൊന്പിലെ കുടുംബവസതിയിലെത്തിച്ച ഫാ. ജോർജിന്റെ മൃതദേഹം മങ്കൊന്പ് തെക്കേക്കര സെന്റ് ജോണ്സ് പള്ളിയിൽ സംസ്കരിച്ചു.
ചങ്ങനാശേരി അതിരൂപത അനുശോചിച്ചു
ചങ്ങനാശേരി: ഫാ. ജോർജ് എട്ടുപറയുടെ നിര്യാണത്തിൽ ചങ്ങനാശേരി അതിരൂപത ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. പുന്നത്തുറയിൽ വികാരിയായിരിക്കെ അടുത്തയിടെ പള്ളി പുരയിടത്തിലുണ്ടായ തീപിടിത്തത്തിൽ ഏതാനും പേർക്ക് പൊള്ളലേറ്റിരുന്നു.
ഈ സംഭവം രക്തസമ്മർദ്ദരോഗിയായ ഫാ. ജോർജിനു വലിയ വിഷമത്തിനു ഇടയാക്കിയിരുന്നു. മരണവുമായി ബന്ധപ്പെട്ട പോലീസ് നടപടികളുമായി അതിരൂപതാ പൂർണമായി സഹകരിക്കും.
ഫാ. ജോർജ് എട്ടുപറയുടെ അകാലവേർപാടിൽ പുന്നത്തുറ ഇടവകയുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി അതിരൂപത ജാഗ്രതാസമിതി കോഓർഡിനേറ്റർ ഫാ. ആന്റണി തലച്ചെല്ലൂരും പിആർഒ ജോജി ചിറയിലും പത്രക്കുറിപ്പിൽ പറഞ്ഞു.